Timely news thodupuzha

logo

കടത്തിയ സ്വര്‍ണം സ്വന്തംകൈയില്‍ നിന്ന് തട്ടാന്‍ ആളെ ഏര്‍പ്പാടാക്കി; യൂണിയന്‍ നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിൽ

കടത്തുസ്വര്‍ണം യാത്രക്കാരന്‍റെ ഒത്താശയോടെ തട്ടാനെത്തിയ നാലുപേരും യാത്രക്കാരനും കരിപ്പൂരില്‍ പിടിയില്‍.പരപ്പനങ്ങാടി കുഞ്ഞിക്കാന്‍റെ പുരക്കല്‍ മൊയ്തീന്‍ കോയ (52), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കല്‍ മുഹമ്മദ് അനീസ് (32), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്‍റകത്ത് സുഹൈല്‍ (36), പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കല്‍ അബ്ദുല്‍ റൗഫ് (36), യാത്രക്കാരനായ തിരൂര്‍ കാലാട് കവീട്ടില്‍ മഹേഷ് (42) എന്നിവരെയാണ് കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ജിദ്ദയില്‍നിന്ന് കരിപ്പൂരിലെത്തിയ മഹേഷ് ശരീരത്തില്‍ ഒളിപ്പിച്ച് 974 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസിനെ വെട്ടിച്ച് പുറത്ത് കടത്തി. ഈ സ്വര്‍ണം തട്ടിയെടുക്കാന്‍ മഹേഷ് തന്നെ സംഘത്തെ ഏല്‍പ്പിച്ചിരുന്നു. ക്വട്ടേഷന്‍ സംഘം സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തുന്ന വിവരം പൊലീസിനും ലഭിച്ചു.

തുടര്‍ന്നാണ് പൊലീസ് നാലുപേരെ വിമാനത്താവളപരിസരത്ത് പിടികൂടിയത്. ചോദ്യംചെയ്യലില്‍ യാത്രക്കാരന്‍തന്നെയാണ് തട്ടിക്കൊണ്ടുപോകാന്‍ ഇവരെ ഏല്‍പ്പിച്ചതെന്ന് കണ്ടെത്തി. ഇതോടെ യാത്രക്കാരനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണമിശ്രിതത്തില്‍നിന്ന് 885 ഗ്രാം സ്വര്‍ണം പൊലീസ് കണ്ടെടുത്തു.

കരിപ്പൂര്‍ പൊലീസ് പിടികൂടുന്ന 50-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. ഇതിനിടെ, മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവ് കൂടിയായ മൊയ്തീന്‍കോയയും അബ്ദുള്‍ റൗഫും സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ അര്‍ജുന്‍ ആയങ്കിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ചിലര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *