തിരുവനന്തപുരം : പടം റിലീസാകുന്നതിന് മുമ്പേ വിവാദം ശക്തമായ “ന്നാ താൻ കേസ് കൊട്’ ചിത്രത്തിന്‍റെ പോസ്റ്റർ ഇപ്പോൾ വൈറലാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രചരണത്തിനായി അണിയറ പ്രവർത്തകർ പുറത്തുവിട്ട പരസ്യ ചിത്രമാണ് റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് വിവാദമാകുകയും പൊതുമരാമത്ത് മന്ത്രിയടക്കം വിശദീകരണം നൽകേണ്ട സാഹചര്യത്തിലേക്കെത്തിച്ചത്.
“തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്നാണ് പരസ്യവാചകം. ചിത്രത്തിനൊപ്പം റിലീസായതിനൊപ്പം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുകയാണ് സിനിമയുടേതായി വന്ന പത്രപരസ്യം. എന്നാൽ കേരളത്തിലെ തീയറ്ററുകൾക്ക് സമീപമുള്ള റോഡുകളിൽ കുഴിയില്ലെന്നും ഇത് സർക്കാരിനെതിരായ പ്രചാരണത്തിനാണ് ഇത്തരം പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതെന്നുമാണ് ഒരു വിഭാഗം സൈബർ പോരാളികളുടെ വാദം. വിവാദം ശക്തമായതോടെ ന്നാ താൻ ആദ്യം കുഴിയടയ്ക്ക് എന്ന പുതിയ ക്യാംപെയ്നും സോഷ്യൽമീഡിയയിൽ സജീവമാണ്.
കേരളത്തിലെ റോഡുകളിലെ കുഴികളെക്കുറിച്ച് വലിയ തോതിൽ വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് ഈ പരസ്യവാചകം ചര്‍ച്ചയായി മാറുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംവാദങ്ങള്‍ ചൂടുപിടിച്ചു. സിനിമയുടെ പ്രമേയവുമായി ബന്ധമുള്ളതുകൊണ്ടാണ് ഈ വാചകം ചേർത്തിരിക്കുന്ന വിശദീകരണങ്ങൾക്കൊന്നും ചെവികൊടുക്കാതെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ചേർത്തുവച്ച് ചിത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനമാവുമായി ചിലർ രംഗത്ത് വന്നിരിക്കുകയാണ്.