കോട്ടയം: കൂരോപ്പടയിൽ വൈദികന്‍റെ വീട്ടിൽ നിന്നും 50 പവനിലധികം സ്വർണവും 90,000 രൂപയും കവർന്ന കേസിൽ വൈദികന്‍റെ മകൻ അറസ്റ്റിൽ. കൂരോപ്പടക്ക് സമീപം ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാൻ്റെ മകൻ ഷൈൻ നൈനാനാണ് അറസ്റ്റിലായത്. സാമ്പത്തിക ബാധ്യത ഒഴിവാക്കാനായിരുന്നു മോഷണമെന്നാണ് പ്രതിയുടെ മൊഴി. റമ്മി കളിച്ചും ലോട്ടറിയെടുത്തും തുലച്ച കടം വീട്ടുന്നതിന് വേണ്ടിയാണ് വീട്ടിൽ തന്നെ ഇയാൾ മോഷണം നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
കവർച്ച നടക്കുമ്പോൾ ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ ദേവാലയത്തിലേക്കും മറ്റു കുടുംബാംഗങ്ങൾ പുറത്തേക്കും പോയിരുന്നു. സംഭവശേഷം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ബാബു ക്കുട്ടൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വൈദികന്റെ മകൻ അറസ്റ്റിലായത്. പ്രദേശത്തെക്കുറിച്ച് കൃത്യമായി അറിയാവുന്നവരും വീട്ടിൽ ആളില്ലാത്ത നേരവും നോക്കിയാണ് മോഷണം നടന്നത് എന്നതിൽ ദുരൂഹതയുണ്ടായിരുന്നു. സംഭവം നടന്ന വീടിനുള്ളിൽ നിന്നും മറ്റാരുടെയും വിരലടയാളങ്ങൾ ലഭിക്കാതിരുന്നതും പ്രൊഫഷണൽ അല്ലാത്ത മോഷണ രീതിയുമാണ് പ്രതിയെ കൂടുക്കിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 50 പവനോളം സ്വർണവും 90,000 രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്. ഇതിൽ 21.5 പവൻ പുരയിടത്തിൽ നിന്ന് ലഭിച്ചിരുന്നു.