തൊടുപുഴ: നഗര മധ്യത്തില്‍വച്ച് അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസിനെ വധിക്കാന്‍ കാറിലെത്തിയ രണ്ടംഗ സംഘത്തിന്റെ ശ്രമം. പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് വരുന്ന വഴി രാത്രി 7 മണിയോടെ കാരിക്കോട് ഭഗവതി ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് സംഭവം. കെഎല്‍ 4 എഇ 5012 നമ്പര്‍ കാറിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍.
ന്യൂമാന്‍ കോളേജിന് സമീപത്തൂടെ പേട്ട റോഡിലൂടെ വന്ന കാറിന് പിന്നില്‍ നിര്‍ത്താതെ ഹോണ്‍ മുഴക്കിയാണ് പ്രതികള്‍ സഞ്ചരിച്ച കാറെത്തിയത്. കാരിക്കോട് ജങ്ഷനിലേക്ക് എത്തിയപ്പോള്‍ സ്വാമി കാര്‍ വേഗം കുറച്ച് നിര്‍ത്തി. ഈ സമയം പിന്നില്‍ കാര്‍ ചേര്‍ത്ത് നിര്‍ത്തിയ യുവാക്കള്‍ ‘പിടിയെടാ അവനെ, തീര്‍ക്കെടാ അവനെ’ എന്നാക്രോശിച്ച് ആക്രമണം അഴിച്ച് വിടുകയായിരുന്നെന്ന് സ്വാമി പറഞ്ഞു. കാറിന്റെ പിന്നിലെ ബൂട്ട് ഡോറില്‍ ചവിട്ടുകയും അസഭ്യ വര്‍ഷം ചൊരിയുകയും ആയിരുന്നു.
ഇതിന് തടസം പിടിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കാരിക്കോട് സ്വദേശി ജമാലിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ കാറിന് മുകളിലും കയറി ചവിട്ടി നാശം വരുത്തി. ആളുകള്‍ കൂടിയതോടെ വാഹനമെടുത്ത് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ തൊടുപുഴ എസ്എച്ച്ഒ അടക്കമുള്ളവര്‍ സ്ഥലത്തെത്തി, വാഹനം സ്റ്റേഷനിലേക്ക് മാറ്റി.
മാര്‍ത്തോമ സ്വദേശികളായ ആല്‍ബിന്‍, ബിബിന്‍ എന്നിവരാണ് ആക്രമണത്തിന് പിന്നില്‍. ഇവര്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്ന് തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. പ്രതികളെ എത്രയും വേഗം പിടികൂടി കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധ പരിപാടികളുമായി രംഗത്ത് വരുമെന്ന് ഹിന്ദുഐക്യവേദി ജില്ലാ നേതാക്കളും അറിയിച്ചു.
സ്വാമി അയ്യപ്പദാസിനെതിരെ വധശ്രമം
