കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി.
ഒരു തെറ്റുപറ്റിയെന്ന് എ.ഡി.എം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും മൊഴിയെടുത്തത്.
ലാൻഡ് റവന്യു ജോയിൻറ് കമ്മീഷണർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലും കളക്ടർ സമാന മൊഴി നൽകിയിരുന്നു. എന്നാൽ നവീൻ ബാബുവിൻറെ മരണത്തിന് പിന്നാലെ കളക്ടർ തന്നെ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ഇക്കാര്യം ഇല്ലായിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻറെ കുടുംബം ഹൈക്കോടതിയിൽ പോയതിന് പിന്നാലെയാണ് ഈ നടപടി.
കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിൻറെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ടുനിൽക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം വീണ്ടും മൊഴി എടുത്തത്. ഇതിനിടെ എ.ഡി.എം നവീൻ ബാബുവിൻറെ മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥൻ സത്യവാങ്ങ്മൂലം നൽകണമെന്നും അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നുമാണ് കോടതി നിർദ്ദേശിച്ചത്.