കോഴിക്കോട്: റോഡരികിൽ സംസാരിച്ചു നിൽകുന്നതിനിടെ പൊലീസ് ഉദ‍്യോഗസ്ഥൻ മർദിച്ചതായി പരാതി. കോഴിക്കോട് പന്നിയങ്കര എസ്ഐ കിരൺ ശശിധരൻ മർദിച്ചെന്നാണ് ആരോപണം. തിരുവണ്ണൂർ സിപിഎം നോർത്ത് ബ്രാഞ്ച് അംഗമായ കെ.സി. മുരളീകൃഷ്ണനാണ് മർദനമേറ്റത്. സംഭവത്തിൽ മുഖ‍്യമന്ത്രിക്കും മനുഷ‍്യാവകാശ കമ്മിഷൻ, പൊലീസ് കംപ്ലെയ്ൻറ് അതോറിറ്റി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കമ്മിഷണർ ഫറോക്ക് അസി. കമ്മിഷണറോട് റിപ്പോർട്ട് തേടിയതായാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ മീഞ്ചന്ത ബൈപാസിൽ തിരുവണ്ണൂരിൽ വച്ചായിരുന്നു സംഭവം. സിപിഎം പ്രവർത്തകരായ മുരളീകൃഷ്ണനും സമീറും റോഡരികിൽ വാഹനം നിർത്തി സംസാരിക്കുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ എസ്ഐ ഇരുവർക്കും നേരെ അസഭ‍്യം പറയുകയും മർദിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. തോൾ സഞ്ചി വാങ്ങി പരിശോധിച്ചതായും പരാതിയിൽ പറയുന്നു.
എന്തിനാണ് മർദിക്കുന്നതെന്ന് ചോദിച്ചപ്പോൾ വീണ്ടും തല്ലുകയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു. രാത്രി ഒന്നര വരെ സ്റ്റേഷനിൽ പിടിച്ചുവച്ചുവെന്നും ആരോപണമുണ്ട്. തുടർന്ന് ഇരുവരും ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.





