കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ രണ്ടാം ദിനവും ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻറെ വില 64,080 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 8010 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ചൊവ്വാഴ്ചയാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 64,600 തൊട്ടത്. ഫെബ്രുവരി 20 ന് രേഖപ്പെടുത്തിയ 64,560 എന്ന സർവകാല റെക്കോർഡ് നിലവാരത്തെയാണ് ഇതുമറികടന്നത്.
ഇതിന് മുമ്പ് ഫെബ്രുവരി 11ന് രേഖപ്പെടുത്തിയ 64,480 രൂപയായിരുന്നു റെക്കോർഡ് വില. സ്വർണവില ഉടൻ തന്നെ 65,000 തൊടുമെന്ന സൂചനകളാണ് നൽകിക്കൊണ്ടിരിക്കുന്നത്. അതേസമയം, വെള്ളിയുടെ നിരക്കും ഇടിഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 105 രൂപയായി.