Timely news thodupuzha

logo

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ അഫാൻറെ മാതാവിൻറെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടലിലാഴ്ത്തിയ വെഞ്ഞാറമൂട് കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ട്, ആശുപത്രിയിൽ സുഖം പ്രാപിക്കുന്ന അഫാൻറെ മാതാവ് ഷെമിയുടെ മൊഴി വ്യാഴാഴ്ച രേഖപ്പെടുത്തും.

ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവരുടെ നില മെച്ചപ്പെട്ടതോടെയാണ് മൊഴിയെടുക്കാൻ ഡോക്‌റ്റർമാർ പൊലീസിന് അനുമതി നൽകിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് ഷെമി ചികിത്സയിൽ കഴിയുന്നത്. അതേസമയം, ക്രൂരമായ കൊലപാതകത്തിലേക്ക് തന്നെ നയിച്ചത് സാമ്പത്തിക ബാധ്യതയും ബന്ധുക്കളോടുള്ള പകയുമെന്നാണ് പ്രതി അഫാൻറെ മൊഴി.

തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലുള്ള അഫാൻറെ മൊഴി അതീവരഹസ്യമായി ചൊവ്വാഴ്ച അന്വേഷണസംഘം രേഖപ്പെടുത്തി. അഞ്ച് പേരുടെ കൊലയ്ക്കും മാതാവിന് നേരെയുള്ള ആക്രമണത്തിനും പിന്നിൽ അഫാൻറെ ധൂർത്തും ആഡംബര ജീവിതവുമാണെന്ന നിഗമനത്തിലാണ് പൊലീസ്. കടബാധ്യതമൂലം ഏഴു വർഷമായി യാത്രാവിലക്കിനെ തുടർന്ന് വിദേശത്ത് തുടരുന്ന പിതാവിൻറെ വരുമാനത്തെ മാത്രം ആശ്രയിച്ചിരുന്ന കുടുംബം ഇപ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

വീട്ടിലെ ചെലവുകൾക്കും മറ്റുമായി ഉമ്മ നിരന്തരം പണം കടം വാങ്ങുമായിരുന്നു എന്നാണ് അഫാൻ പറയുന്നത്. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇതു മാറി. പ്രധാനമായും 12 പേരിൽ നിന്നാണ് പണം കടം വാങ്ങിയിരുന്നത്. ഒരാളിൽ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളിൽ നിന്ന് വീണ്ടും കടം വാങ്ങിയായിരുന്നു. ഒരു ഘട്ടത്തിൽ കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാകാത്ത സ്ഥിതിയുണ്ടായി.

പണം നൽകിയവർ തിരികെ ചോദിക്കാൻ ആരംഭിച്ചതോടെ കൂട്ട ആത്മഹത്യ ചെയ്യാമെന്ന തീരുമാനമെടുത്തു. അമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാൽ, ആത്മഹത്യ ചെയ്യുമ്പോൾ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെയാണ് എല്ലാവരെയും കൊലപ്പെടുത്താമെന്ന തീരുമാനത്തിലെത്തിയത്. പിതാവിൻറെ സഹോദരനും ഭാര്യയും മുത്തശ്ശിയും നിരന്തരം കുടുംബപ്രശ്നങ്ങളിൽ ഇടപെടുമായിരുന്നു.

കടബാധ്യതകൾ തീർക്കാൻ സഹായിക്കാതെ ശാസിക്കുകയും കുറ്റപ്പെടുത്തുകയും മാത്രമാണ് ഇവർ ചെയ്തത്. ഇതാണ് ഇവർ മൂന്നു പേരെയും ഇല്ലാതാക്കാൻ കാരണം. ഞാനില്ലെങ്കിൽ അവളും വേണ്ട എന്ന തീരുമാനം കാമുകി ഫർസാനയെ കൊല്ലുന്നതിലേക്ക് എത്തിച്ചെന്നും അഫാൻ മൊഴിയിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *