പത്തനംതിട്ട: കൂടലിൽ മദ്യപിച്ചെത്തി മകനെ ബെൽറ്റ് കൊണ്ടടിച്ച പിതാവ് അറസ്റ്റിൽ. 14 കാരനെ മർദ്ദിച്ച സംഭവത്തിൽ അച്ഛൻ രാജേഷ് കുമാറിനെതിരേയാണ് ബാലനീതി അടക്കമുള്ള നിയമപ്രകാരം പൊലീസ് കേസെടുത്തത്. മാസങ്ങളായി ഇയാൾ കുട്ടിയെ ബെൽറ്റും മറ്റും ഉപയോഗിച്ച് മർദ്ദിച്ചിരുന്നു.
തുടർന്ന് ഇയാൾ ആക്രമിക്കുന്ന അമ്മയെടുത്ത ദൃശ്യങ്ങൾ സ്കൂൾ അധികൃതർക്ക് ലഭിച്ചതോടെ സിഡബ്യൂസിക്ക് പരാതി നൽകുകയായിരുന്നു. പിന്നീട് സിഡബ്യൂസിയാണ് കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് പരാതി നൽകിയത്. ബുധനാഴ്ചയാണ് സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദ്യശ്യങ്ങൾ പുറത്തു വരുന്നത്.
വാഴപ്പോള കൊണ്ടടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. 10 വർഷത്തോളം ഇത്തരത്തിൽ കുട്ടിയുടെ മാതാവിനേയും ഇയാൾ ഉപദ്രവിക്കാറുണ്ടയാരിന്നു. ഇതുസംബന്ധിച്ച് കുട്ടിയുടെ അമ്മ കഴിഞ്ഞ 23ന് പൊലീസിൽ പരാതി നൽകുകയും ഇയാളെ സ്റ്റേഷനിൽ വിളിപ്പിച്ച് താക്കീത് നൽകിയിരുന്നതുമാണ്.
ഇയാളെ പലതവണ ഡീ അഡിക്ഷൻ സെറ്ററിൽ കൊണ്ടു പോയെങ്കിലും പിന്നീട് വീണ്ടും മദ്യപാനം തുടരുകായായിരുന്നു. ഇളയ കുട്ടിയെയും ഇത്തരത്തിൽ മർദിക്കാറുണ്ടെന്നാണ് വിവരം. എന്നാൽ കുട്ടികൽ പേടിമൂലം ഇക്കാര്യങ്ങൾ ആരോടും പറഞ്ഞിരുന്നില്ല.
മകനെ സംരക്ഷിക്കാൻ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏൽപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായും കുട്ടിയുടെ മർമ്മ ഭാഗത്തും തുടയിലും വയറിലും ബെൽറ്റ് കൊണ്ട് അടിയേറ്റതായും എഫ്.ഐ.ആറിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ജുവനയിൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.





