തൊടുപുഴ: മൂന്ന് പതിറ്റാണ്ടിലേറെ സർക്കാരിനെ സേവിച്ച വനിതാ ഉദ്യോഗസ്ഥയ്ക്ക് യാത്രയയപ്പ് നൽകാൻ പോലീസ് സംരക്ഷണം ആവശ്യമായി വന്നു. ജനാധിപത്യത്തിലെ പുഴുക്കുത്തുകളിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നത്. സർക്കാർ സേവനം അവസാനിപ്പിക്കുമ്പോഴും സർക്കാർ സേവികയോട് ജനപ്രതിനിധികൾക്കുള്ള വിരോധം അവസാനിക്കുന്നില്ല. തൊടുപുഴയ്ക്ക് സമീപം കുമാരമംഗലം ഗ്രാമപഞ്ചായത്തു സെക്രട്ടറിയ്ക്ക് നൽകിയ യാത്രയയപ്പിലാണ് ജനങ്ങളെ ഭീതിയിലാക്കുന്ന രീതിയിലുള്ള പോലീസ് സാന്നിധ്യം കണ്ടത്. യുദ്ധമുഖത്തെ പോലെ കെട്ടിടങ്ങൾക്ക് മുകളിലും പോലീസിനെ വിന്യസിച്ചിരുന്നു. തോക്ക് ധാരികൾ ഇല്ലെന്ന് മാത്രം. സെക്രട്ടറിയ്ക്ക് യാത്രയയപ്പ് നൽകാനാവില്ല എന്ന നിലപാട് കോൺഗ്രസിലെയും സി.പി.എമ്മിലെയും ഏതാനും മെമ്പർമാർ സ്വീകരിച്ചതോടെയാണ് വനിതാ സെക്രട്ടറിയുടെ യാത്രയയപ്പ് പോലീസ് കാവലിൽ നടന്നത്.
മുപ്പത്തിയഞ്ചു വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പഞ്ചായത്തു സെക്രട്ടറി ഷേർളി ജോണിനാണ് പോലീസ് കാവലിൽ യാത്ര അയപ്പു നല്കിയത്. കഴിഞ്ഞ അഞ്ചു വർഷമായി ഷേർളി ജോൺ കുമാരമംഗലം പഞ്ചായത്തു സെക്രട്ടറിയായി സേനമനുഷ്ഠിച്ച ശേഷമാണ് വിരമിക്കുന്നത്. ഈ അഞ്ചുവർത്തിനുള്ളിൽ പഞ്ചായത്തു സെക്രട്ടറിയും ഭരണസമതിയും സ്വരചേർച്ചയിലായിരുന്നില്ല. കുമാരമംഗലം പഞ്ചായത്തിലെ 13 മെമ്പറർമാരിൽ മൂന്നോ നാലോ മെമ്പർമാർ മാത്രമായിരുന്നു സെക്രട്ടറിക്ക് അനുകൂലമായി ഉണ്ടായിരുന്നത്.പഞ്ചായത്ത് ഓഫീസ് സ്റ്റാഫുകളും സെക്രട്ടറിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.പഞ്ചായത്തിന്റെ വികസനകാര്യങ്ങളിൽ സെക്രട്ടറി തടസം നിൽക്കുന്നു എന്ന് മെമ്പർമാരും മെമ്പർമാരുടെ അഴിമതിക്ക് കൂട്ടു നിൽക്കാത്തതാണ് ശത്രുതയ്ക്കു കാരണമെന്ന് സെക്രട്ടറിയും വാദിക്കുമ്പോൾ ഈ ശീതസമരത്തിന്റെയും ശത്രുതയുടെയും യഥാർത്ഥകാരണം മനസിലാക്കി ഇരുകൂട്ടരേയും സമവായത്തിലെത്തിച്ച് യോജിപ്പിച്ചു കൊണ്ടുപോകാൻ ആർക്കും സാധിച്ചില്ല എന്നതാണ് പഞ്ചായത്തിന്റെ പോരായ്മ.എന്നാൽ ഈ ശീത സമരത്തിനിടയിലും പഞ്ചായത്തിൽ ഓരോ കാര്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് യാതൊരു തടസവും,താമസവും ഉണ്ടായിരുന്നില്ലെന്നും ജനങ്ങൾ പറയുന്നു.അഞ്ചു വർഷത്തിനിടയിൽ തനിക്കെതിരെ നടന്ന നിരവധി സമരങ്ങളാണ് ഷേർളി ജോൺ കൂസലന്യേ അഭിമുഖീകരിച്ചത്.ഒരു പക്ഷെ തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സംഘർഷഭരിതമായ അവസാന വർഷങ്ങൾക്കൊടുവിലാണ് സെക്രട്ടറിക്ക് പോലീസ് സാന്നിധ്യത്തിൽ വിരമിക്കൽ ആദരവ് ഏറ്റെടുക്കേണ്ടി വന്നത്.മാനസിക സമ്മർദ്ദങ്ങൾക്കിടയിലും തന്റെ ഡ്യൂട്ടി പരമാവധി നീതിയുക്തമായി നിർവഹിക്കാൻ സാധിച്ചിരുന്നുവെന്ന് വിരമിക്കൽ ചടങ്ങിൽ സെക്രട്ടറി പറഞ്ഞു.

സെക്ടട്ടറിയും പഞ്ചായത്തു ഭരണ സമതിയും തമ്മിൽ രൂക്ഷമായ അഭിപ്രായ ഭിന്നത് നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിരമിക്കൽ ചടങ്ങിന് പോലീസ് കാവൽ ഏർപ്പെടുത്തേണ്ടി വന്നത്‌ചടങ്ങിൽ നിന്നും പഞ്ചായത്തു പ്രസിഡണ്ടു ഉൾപ്പെടെ ഭൂരിപക്ഷം മെമ്പർമാരും വിട്ടു നിന്നു.ബ്ലോക്ക് പഞ്ചായത്തു മെമ്പർ ബിന്ദു ഷാജി,വാർഡ് മെമ്പർമാരായ ഉഷാ രാജശേഖരൻ,അലി എന്നിവർ ചേർന്ന് സെക്രട്ടറിക്ക് പൊന്നാടയും മെമെന്റോയും നല്കി ആദരിച്ചു. എന്തായാലും വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയിക്കുന്ന ഗ്രാമപഞ്ചായത്തിലാണ് വനിതാ സെക്രട്ടറിയ്ക്ക് ഇങ്ങനെയൊരു ദുരവസ്ഥയുണ്ടായത്. ഗ്രാമപഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെടുന്ന ചിലർക്ക് അവർ മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ആയപോലെ തോന്നലുണ്ടായാൽ ഇതുപോലൊക്കെ ഉണ്ടാകുമെന്നാണ് പൊതുജനം പറയുന്നത്. അഞ്ച് വർഷത്തേക്ക് അധികാരം ലഭിക്കുമ്പോൾ ഇതുപോലെ അഹങ്കരിക്കുന്നവർ എം.എൽ.എയോഎം.പിയോ ആയാലത്തെ അവസ്ഥ എന്തായിരിക്കുമെന്നും പൊതുജനം പരിഹസിക്കുന്നു.






