Timely news thodupuzha

logo

തദ്ദേശ തിരഞ്ഞെടുപ്പ്: ഇടുക്കി ജില്ലാ കളക്ടർ ഇടമലക്കുടി സന്ദർശിച്ചു

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ഇടമലക്കുടിയിലെ പോളിംഗ് ബൂത്തുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ട് സന്ദർശിച്ചു. സബ് കളക്ടർമാരായ അനൂപ് ഗാർഗ്, വി. എം ആര്യൻ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു. പരപ്പയാർകുടി ഉൾപ്പടെയുളള 14 ബൂത്തുകളിലെ ക്രമീകരണങ്ങൾ വിലയിരുത്തിയ കളക്ടർ പ്രദേശവാസികളുമായും സംസാരിച്ചു. കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചാണ് സംഘം സംസ്ഥാനത്തെ ഏക പട്ടികവർഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെത്തിയത്.

ഡീലിമിറ്റേഷനു ശേഷം രൂപീകരിച്ച കവക്കാട്ടുകുടി വാർഡ് കൂടി ചേർത്ത് ഇപ്പോൾ 14 വാർഡുകളാണ് ഇടമലക്കുടി പഞ്ചായത്തിലുള്ളത്. 14 വാർഡുകളും പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ളതാണ്.

893 സ്ത്രീവോട്ടർമാരും 910 പുരുഷ വോട്ടർമാരുമാണുള്ളത്. 20 സ്ത്രീകളും 21 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. മീൻകുത്തികുടി,നൂറാടികുടി, പരപ്പയാർകുടി, തെക്കേഇഡലിപ്പാറകുടി, സൊസൈറ്റികുടി, അമ്പലപ്പടികുടി, കവക്കാട്ടുകുടി എന്നീ വാർഡുകൾ വനിതാസംവരണമാണ്. 14 പോളിംഗ് ബൂത്തുകളിലേക്കും കൂടി ഏകദേശം 56 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. മൂന്നാർ ഗ്രാമപഞ്ചായത്തിലെ ഒരു വാർഡാണ് 2010 ൽ ഇടമലക്കുടി ഗ്രാമപഞ്ചായത്തായി രൂപീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *