Timely news thodupuzha

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗിന് ജില്ല സജ്ജം; ജില്ലാ കളക്ടർ, 9,12,133 വോട്ടർമാർ പോളിങ്ങ് ബൂത്തിലേക്ക്

ഇടുക്കി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള വോട്ടെടുപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. 52 ഗ്രാമപഞ്ചായത്തുകളും 8 ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ജില്ലാ പഞ്ചായത്തും ഉൾപ്പെടെ 63 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 1036 നിയോജകമണ്ഡലം/വാർഡുകളിലേക്കാണ് ഇന്ന് (ഡിസംബർ ഒമ്പതിന്) വോട്ടെടുപ്പ് നടക്കുന്നത്. അന്തിമ വോട്ടർപട്ടികപ്രകാരം ജില്ലയിൽ 9,12,133 വോട്ടർമാരുണ്ട്. ഇതിൽ 4,43,521 പുരുഷൻമാരും 4,68,602 സ്ത്രീകളും 10 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു. 10 പേർ പ്രവാസികളാണ്. ജില്ലയിലെ എല്ലാ വോട്ടർമാരും തങ്ങളുടെ പോളിംഗ് ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തി മഹത്തായ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് റിസർവ് ജീവനക്കാർ ഉൾപ്പെടെ 4768 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ 1192 പോളിംഗ് ബൂത്തുകളാണുളളത്. ഇതിൽ 73 എണ്ണം നഗരസഭകളിലും 1119 ബൂത്തുകൾ ഗ്രാമങ്ങളിലുമാണ്. ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിങ് ഓഫീസർ, രണ്ട് പോളിങ്ങ് ഓഫീസർ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിലുണ്ടാകുക. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വിപുലമായ സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.

പോളിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. 6467 ബാലറ്റ് യൂണിറ്റുകളും 2194 കൺട്രോൾ യൂണിറ്റുകളും തിരഞ്ഞെടുപ്പിനായി കമ്മീഷൻ ചെയ്ത് സ്‌ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിട്ടുണ്ട്. റിസർവ് യൂണിറ്റുകളും സജ്ജമാണ്. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണത്തിനും ശേഖരണത്തിനും വോട്ടെണ്ണലിനുമായി ജില്ലയിൽ 10 കേന്ദ്രങ്ങളുണ്ട്. 83 പ്രശ്നബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി.

ജില്ലയിൽ 3100 സ്ഥാനാർഥികളാണ് മത്സര രംഗത്ത്. ഗ്രാമപഞ്ചായത്തിലേക്ക് 2494 സ്ഥാനാർഥികളും ബ്ലോക്ക് പഞ്ചായത്തിലേക്ക് 310, ജില്ലാ പഞ്ചായത്തിൽ 61, നഗരസഭയിൽ 235 പേരും മത്സരിക്കുന്നു. 1240 നാമനിർദേശപത്രികകൾ പിൻവലിച്ചു. 221 പത്രികകൾ തളളി.

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ

വോട്ടെടുപ്പ് ദിവസമായ ഡിസംബർ ഒമ്പതിന് രാവിലെ ആറിന് അതത് പോളിംഗ് സ്റ്റേഷനുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക് പോളിംഗ് നടക്കും. രാവിലെ എഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.

Leave a Comment

Your email address will not be published. Required fields are marked *