തൊടുപുഴ: കളഞ്ഞു കിട്ടിയ അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണം തിരികെ നൽകി മാതൃകയായ ശശികലയെ തൊടുപുഴ നഗരസഭ ആദരിച്ചു. ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ സാബിറ ജലീൽ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ശശികലയെ ആദരിച്ചു. വൈസ് ചെയർമാൻ കെ ദീപക്, കൗൺസിലർ എസ് പത്മകുമാർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ബുധനാഴ്ച മങ്ങാട്ടു കവല ഫെഡറൽ ബേങ്കിന് മുന്നിൽ നിന്നാണ് താത്ക്കാലിക ജീവനക്കാരിയായ ശശികലക്ക് അഞ്ചു പവൻ തൂക്കംവരുന്നമാല കിട്ടുന്നത്. ജോലിക്കിടയിലാണ് ബേങ്കിലെ പാർട്ട് ടൈം സ്വീപ്പർ മണക്കാട് സ്വദേശിനി ഒ.ആർ ശശികലക്ക് സ്വർണമാല വീണു കിട്ടിയത്. കരിമണ്ണൂർ മുളപ്പുറം സ്വദേശിനി ഷേർളി കുര്യാക്കോസിന്റെതായിരുന്നു സ്വർണം. മാല ശശികല ബേങ്ക് മാനേജർ സുബിൻ സണ്ണിയെ ഏൽപ്പിച്ചു. മാനേജറാണ് സ്വർണം തൊടുപുഴ സ്റ്റേഷനിൽ ഏൽപ്പിച്ചത്. തുടർന്ന് മാലയുടെ ഉടമയെ കണ്ടെത്തുന്നതിനായി പോലീസ് മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും അറിയിപ്പ് നൽകിയിരുന്നു. ഉടമ സ്റ്റേഷനിലെത്തി മാല കൈപ്പറ്റുകയായിരുന്നു.
കളഞ്ഞുകിട്ടിയ സ്വർണം ഉടമയെ ഏൽപ്പിച്ച ശശികലയെ നഗരസഭ ആദരിച്ചു






