Timely news thodupuzha

ബാംഗ്ലൂരിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു

ബാംഗ്ലൂർ: ബാംഗ്ലൂർ റൂറൽ ജില്ലയിലെ ഹൊസ്കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ 5.15 ഓടെ ദൊബാസ്പേട്ട്-ഹൊസ്കോട്ട് സാറ്റ്ലൈറ്റ് ടൗൺ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്‍യു വി കൾ, ഒരു കാൻറർ ട്രക്ക്, ഒരു ബൈക്ക് എന്നിവയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഏഴ് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

എസ് യുവി 700-ൽ യാത്ര ചെയ്തിരുന്ന 6 പേരും മരിച്ചു. വിനോദയാത്ര പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇതിൽ 5 പേർ ഒരേ കോളേജിലെ വിദ്യാർഥികളാണ്. ഭാരത് (18), അശ്വിൻ നായർ(17), ഏദൻ ജോർജ്, അർഹാൻ ഷെരീഫ്, ഭരത് എന്നിവരേ തിരിച്ചറിഞ്ഞു. ഒരാളെ തിരിച്ചറിയാനുണ്ട്. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സ്വകാര്യ കമ്പനി ജീവനക്കാരൻ ഗഗൻ(26) ആണ് മരിച്ച ബൈക്ക് യാത്രക്കാരൻ. അമിത വേഗത്തിലെത്തിയ മഹീന്ദ്ര എസ് യുവി 700 ആദ്യം ഒരു ബൈക്കിലിടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന കാൻറർ ട്രക്കിൽ ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്കിൻറെ പിൻ ആക്സിൽ ഒടിഞ്ഞു മാറുകയും ട്രക്ക് സർവീസ് റോഡിലേക്ക് മറിയുകയും ചെയ്തു. ഈ ആക്സിലിൽ തട്ടി പുറകിൽ വന്ന മാരുകതി ബ്രെസ്റ്റയും അപകടത്തിൽപ്പെട്ടു.

അപകടത്തെ തുടർന്ന് എസ്ടിആർആറിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ക്രെയിനുകൾ ഉപയോഗിച്ചാണ് തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയത്. രണ്ടാമത്തെ എസ് യുവിലെ യാത്രക്കാരും ട്രക്ക് ഡ്രൈവറും പരുക്കുകളോട് രക്ഷപ്പെട്ടു. സബിബെലെ പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *