Timely news thodupuzha

logo

ഒൻപതാം വർഷത്തിലും ഓശാന തിരുനാളിന് മോഹനൻ്റെ കുരുത്തോല

രാജാക്കാട്: മതസൗഹാർദ്ദ കേന്ദ്രമായ രാജാക്കാട്ട് ഓശാന തിരുനാളിൽ മതസൗഹാർദ്ദത്തിന്റെ സന്ദേശം കുരുത്തോലയിലൂടെ പങ്കുവച്ച് ഹൈന്ദവ സഹോദരൻ.രാജാക്കാട് ഓണംപാറയിൽ മോഹനനാണ് മതസൗഹാർദ്ദത്തിന്റെ പ്രതീകമായി ഒൻപതാം വർഷത്തിലും രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിക്ക് സ്വന്തം പുരയിടത്തിലെ കുരുത്തോല മുറിച്ചു നൽകി മതസൗഹാർദ്ദത്തിന് മാതൃകയായത്. മോഹനൻ തന്റെ പുരയിടത്തിലുളള 18 തെങ്ങിന്റെ കുരുത്തോലകളാണ് ഇത്തവണ പള്ളിക്ക് നൽകിയത്.ടൗണിൽ മുനീന്ദ്ര ബാർബർ ഷോപ്പ് എന്ന സ്ഥാപനം നടത്തുന്ന മോഹനൻ കുറെക്കാലമായി മുൻ വർഷങ്ങളിൽ അടുത്തുളള പള്ളികളായ രാജാക്കാട്,ജോസ്ഗിരി പള്ളികളിൽ കുരുത്തോലകൾ നൽകാറുണ്ട്.

ഹൈറേഞ്ച് മേഖലയിൽ മണ്ടവീഴ്ചമൂലം തെങ്ങുകൾ വ്യാപകമായി നശിച്ചതിനെ തുടർന്ന് ഓശാന ഞായറാഴ്ചകളിൽ പള്ളികളിൽ കുരുത്തോല വിതരണം ചെയ്യുക ഏറെ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.ഇത് മനസ്സിലാക്കിയ മോഹനൻ രാജാക്കാട് പള്ളിയിൽ കുരുത്തോല എത്തിച്ചു നൽകാമെന്ന് പറയുകയും കൊഴുക്കട്ട ശനിയാഴ്ച രാവിലെ തന്നെ കുരുത്തോല വെട്ടിച്ച് പളളിയിലെത്തിച്ച് കൈമാറിയത്.കഴിഞ്ഞ 8 വർഷമായി മോഹനൻ പള്ളിയിൽ ഓശാന ശുശ്രൂഷകൾക്കായി കുരുത്തോലകൾ നൽകാറുണ്ട്.മതത്തിന്റെ പേരിൽ ചേരിതിരിഞ്ഞ് ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ മതസൗഹാർദ്ദത്തിന്റെ നല്ല പാഠമാണ് മോഹനൻ പകർന്ന് നൽകുന്നത്.1139 കുടുംബക്കാരുള്ള രാജാക്കാട് ഇടവകയിൽ മാത്രം ഓശാന തിരുനാളിന് നൽകാൻ 6000 ത്തിലധികം കുരുത്തോലകൾ ആവശ്യമുണ്ട്.ടൗൺ പള്ളിയായതിനാൽ സമീപ ഇടവകകളിൽ നിന്നും ഓശാന ഞായറാഴ്ച കൂടുതൽ വിശ്വാസികൾ എത്താറുണ്ട്.ഏലം കൃഷിയുടെ കടന്നുവരവിനെ തുടർന്ന് ഇടവക ഉൾപ്പെടുന്ന മേഖലയിൽ തെങ്ങ് കൃഷി കുറവായതിനാൽ കുരുത്തോലക്ക് ക്ഷാമമുണ്ടെന്ന് അറിയാവുന്ന മോഹനൻ ഈ വർഷവും കുരുത്തോല തരാൻ തയ്യാറാണെന്ന് പള്ളിയിൽ മുൻകൂട്ടി അറിയിക്കുകയും മതസൗഹാർദ്ദ കൂട്ടായ്മ കോഡിനേറ്റർ വി.എസ് ബിജുവിനൊപ്പം അത് വെട്ടിച്ച് നൽകുകയും ചെയ്തു.

തന്റെ പുരയിടത്തിലെ തെങ്ങിലുള്ളത് വെറും ഓലകളാണെന്നും അത് പള്ളിയിലെത്തി വെഞ്ചരിച്ച് നൽകുമ്പോൾ അത് പ്രാർത്ഥനാപൂർവ്വം സ്വീകരിച്ച് വിശ്വാസികൾ ഓശാന തിരുനാളിൽ പ്രദക്ഷിണത്തിന് ഉപയോഗിക്കുകയും തുടർന്ന് വീട്ടിലെ പ്രാർത്ഥനാ മുറിയിൽ മോഹനനുള്ളപ്പോൾ പള്ളികളിൽ കുരുത്തോലയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വൈദീകർ പറയുന്നത്.പള്ളിയിലെത്തിച്ച കുരുത്തോലകൾ വികാരി ഫാ.മാത്യു കരോട്ടുകൊച്ചറയ്ക്കൽ, സഹ വികാരിമാരായ ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്,ഫാ. ആൽബർട്ട് പള്ളിത്താഴത്ത് കൈക്കാരന്മാരായ ബിനോയി കൂനംമാക്കൽ,സജി പൂവത്തിങ്കൽ,ജോയി തമ്പുഴ, ജിസ് മാട്ടേൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

Leave a Comment

Your email address will not be published. Required fields are marked *