Timely news thodupuzha

പെൺസുഹൃത്തിനെ കൊലപ്പെടുത്താൻ പെൺവേഷം ധരിച്ചെത്തിയ യുവാവും നാല് സുഹൃത്തുക്കളും പൊലീസ് കസ്റ്റഡിയിൽ

ഗുരുവായൂർ: പെൺസുഹൃത്തിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് പെൺവേഷം ധരിച്ച് ഗുരുവായൂരിലെത്തിയ യുവാവിനെയും ഇയാളോടൊപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കി തൊടുപുഴ സ്വദേശികളായ ബിനീഷ്, സ്റ്റീഫൻ, ഷാഹിദ്, പ്രസാദ്, ആദർശ് എന്നിവരാണ് പിടിയിലായത്.2026 ഓഗസ്റ്റ് 4-ന് രാത്രി 8.30ഓടെ ഗുരുവായൂർ മഞ്ജുളാൽ പാർക്കിംഗ് ഗ്രൗണ്ടിന് സമീപമുള്ള ജ്യൂസ് കടയ്ക്ക് മുന്നിൽ സ്ത്രീ വേഷത്തിൽ സംശയാസ്പദമായി നിൽക്കുന്ന ഒരാളെ നാട്ടുകാർ ശ്രദ്ധിക്കുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൊഴികളിൽ വൈരുധ്യം കണ്ടെത്തി. തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന തൊടുപുഴ രജിസ്ട്രേഷനുള്ള കാറിൽ നിന്ന് നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.പരിശോധനയിൽ കാറിൽ നിന്ന് 16 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.പ്രാഥമിക അന്വേഷണത്തിൽ, സ്പായിൽ ജോലി ചെയ്തിരുന്ന ഒരു യുവതിയുമായി പ്രസാദിന് മുൻപ് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പിന്നീട് ഇരുവരും വേർപിരിഞ്ഞതിനെ തുടർന്ന് യുവതി തൃശ്ശൂരിലേക്ക് ജോലി മാറിയെന്നും പൊലീസ് പറഞ്ഞു. തന്നെ ഒഴിവാക്കിയതിലുള്ള വൈരാഗ്യം മൂലം യുവതി താമസിച്ചിരുന്ന ലോഡ്ജിൽ കയറി കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്ന് പ്രസാദ് ചോദ്യം ചെയ്യലിൽ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും, പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. BNS 112 (സംഘടിത കുറ്റകൃത്യം), ലഹരിമരുന്ന് കൈവശം വച്ചത് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *