ഇടുക്കി: യുവതിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് അഞ്ച് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. കൊന്നത്തടി ഒഴുകയിൽ വീട്ടിൽ ഷെയ്സ്, മന്നാംകണ്ടം പ്ലാച്ചേരി വീട്ടിൽ ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. ഇടുക്കി ജില്ല തേർഡ് അഡിഷണൽ ജഡ്ജി എസ്.എസ് സീനയാണ് വിധി പ്രസ്താവിച്ചത്. 2013 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളത്തൂവൽ തോട്ടുങ്കൽ ആലീസിനെ രാത്രി വീട്ടിൽ അതിക്രമിച്ച് കയറി പ്രതികൾ ചേർന്ന് കമ്പി വടികൾ കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതാണ് സംഭവം. കേസിൽ 4 പ്രതികളുണ്ടായിരുന്നു. ഒന്നാം പ്രതി മേരി, ആലീസിന്റെ ഭർത്യ സഹോദരിയാണ്. കുടുംബവിഹിതത്തെ ചൊല്ലി ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. 1, 4 പ്രതികൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ പോയി. കേസിൽ പ്രോസിക്യുഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോണി അലക്സ് ഹാജരായി. അടിമാലി എസ്.എച്ച്.ഒ ആയിരുന്ന കെ ജിനദേവനാണ് പ്രതിക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.പിഴത്തുകയിൽ 25,000 രൂപ ആലിസിന് കൊടുക്കുവാനും ഉത്തരവായി.
യുവതിയെ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തടവും പിഴയും ശിക്ഷ






