കൊച്ചി: ആലുവയിൽ 5 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വിമർശനവുമായി എറണാകുളം പോക്സോ കോടതി.
ഇരയുടെ പേരും ചിത്രവും പ്രചരിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി സാമൂഹിക മാധ്യമങ്ങളിൽ നിന്നടക്കം ചിത്രങ്ങൾ നീക്കം ചെയ്യണമെന്നും വ്യക്തമാക്കി. മാത്രമല്ല പ്രതിയുടെ ചിത്രങ്ങൾ എല്ലായിടത്തും പ്രചരിപ്പിച്ച ശേഷം തിരിച്ചറിയൽ പരേഡ് നടത്തുന്നതിലെ യുക്തി എന്താണെന്നും കോടതി ആരാഞ്ഞു.
പ്രതി അസ്ഫാക് ആലത്തിന്‍റെ പൊലീസ് കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമർശനം. പ്രതിയെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഹാജരാക്കാനും പ്രതിക്കായി പുതിയ കസ്റ്റഡി അപേക്ഷ സമർപ്പിക്കാനും കോടതി നിർദേശം നൽകി. പ്രതി അസ്ഫാക് ആലം നേരത്തെയും പീഡനകേസിലെ പ്രതിയായിരുന്നെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
ഡൽഹിയിൽ ഇയാൾക്കെതിരെ പോക്സോ കേസുണ്ടെന്ന് കണ്ടെത്തി. 2018 ലാണ് കേസിനാസ്പദമായ സംഭവം നടത്തതെന്ന് എറണാകുളം റൂറൽ പൊലീസ് വ്യക്തമാക്കുന്നു.
പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിൽ ശിക്ഷിക്കപ്പെട്ട അസ്ഫാക് ഒരുമാസം തടവിൽ കഴിഞ്ഞ ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. 2018ൽ ഗാസിപുർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റെവിടെയെങ്കിലും പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ച് വരുകയാണ്.