മൂന്നാർ: വട്ടവട ചിലന്തിയാറിൽ കാട്ടുനായയുടെ ആക്രമണത്തിൽ 40 ആടുകൾ ചത്തു. ചിലന്തിയാർ സ്വദേശി കനകരാജിൻ്റെ ആടുകളാണ് ചത്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ആടുകളെ മേയാൻ വിട്ടപ്പോൾ കാട്ടുനായ്ക്കൾ കൂട്ടത്തോടെയെത്തി ആക്രമിക്കുകയായിരുന്നു.
ആക്രമണമുണ്ടായതോടെ ആടുകൾ ചിതറിയോടി. ആടുകളുടെ ജഡം പിന്നീടു പ്രദേശവാസികൾ നടത്തിയ തെരച്ചിലിൽ കണ്ടെത്തി. വനപാലകരും സ്‌ഥലത്തെത്തി.
ആടുകൾ ചത്തതോടെ കനകരാജിനു നാലു ലക്ഷം രൂപയോളം നഷ്ടമുണ്ടായി. പത്തു മുതൽ 20 കിലോ വരെ തൂക്കമുള്ള ആടുകൾ കൂട്ടത്തിലുണ്ടായിരുന്നു.
മൂന്നാറിൽ കടുവയുടെയും പുലിയുടെയും ആക്രമണത്തിൽ പശുക്കൾ വ്യാപകമായി ചത്തൊടുങ്ങുന്നതിനിടെ യാണ് വട്ടവട പഞ്ചായത്തിലും വളർത്തു മൃഗങ്ങൾക്കു നേരെ ആക്രമണമുണ്ടായത്. ആടുകൾ ചത്തതോടെ കനകരാജിനു വരുമാനത്തിനുള്ള വഴിയടഞ്ഞിരിക്കുകയാണ്.