Timely news thodupuzha

പ്രശ്നങ്ങളിൽ സങ്കടമുണ്ട്, ഉത്തരമില്ലെന്ന് മോഹൻലാൽ‌

തിരുവനന്തപുരം: പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടിയില്ല, സിനിമ തിരക്കുകളിലായിരുന്നു തനെന്ന് മോഹൻലാൽ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ലെന്നും തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയും എന്നാൽ നിങ്ങളുടെ ചോദ്യത്തിന് എനിക്ക് ഉത്തരമുണ്ടാവില്ലെന്നും വാർത്ത സമ്മേളനത്തിന്‍റെ തുടക്കത്തിൽ തന്നെ അദ്ദേഹം പറഞ്ഞു.

സിനിമ സമൂഹത്തിന്‍റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്.

ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു. സിനിമ സമൂഹത്തിന്‍റെ ഒരു ഭാ​ഗം മാത്രമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും.

ഞാൻ അതിനെ പ്രോത്സാഹിപ്പിക്കുകയല്ല. എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം സ്വാഗതാർഹമാണ്. ഞാൻ രണ്ടുവട്ടം ആ കമ്മിറ്റിയുടെ മുൻപിൽ പോയിരുന്ന് സംസാരിച്ചയാളാണ്.

എന്നോട് ചോദിച്ച ചോ​​ദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും ചെയ്തു. സിനിമ മേഖലയെക്കുറിച്ച് എനിക്ക് അറിയില്ല, താൻ അഭിനയിച്ച സിനിമയെക്കുറിച്ച് മാത്രമാണ് എനിക്കറിയാവുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് അമ്മയല്ല.

അമ്മയ്ക്ക് അംഗങ്ങൾക്ക് പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നി‍ർമ്മിച്ച് നൽകാനുണ്ട്, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *