കട്ടപ്പന: സ്വച്ഛത കീ സേവ ക്യാമ്പയിൻ ഭാഗമായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് പകർന്നു നൽകാനായി കട്ടപ്പന ഗവൺമെന്റ് ഐ.റ്റി.ഐ എൻ.എസ്.എസ് യൂണിറ്റ് കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായാണ് ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം സംഘടിപ്പിച്ചത്.
മഹാത്മാഗാന്ധിയുടെ ജനനം മുതൽ അന്ത്യം വരെയുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കിയ 150 ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരുന്നത്.
ജാലിയൻവാലാബാഗ്, ദണ്ഡിയാത്ര,വട്ടമേശ സമ്മേളനം, ശ്രീനാരായണഗുരു, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ചാർലി ചാപ്ലിൻ, മൗണ്ട് ബാറ്റൺ പ്രഭു, മുഹമ്മദാലി ജിന്ന, ജാമ്നാലാൽ ബജാജ്, സരോജിനി നായിഡു, മഹാദേവ ദേശായി തുടങ്ങിയ ദേശീയ നേതാക്കളുമായുള്ള കൂടിക്കാഴ്ച കറാച്ചി കോൺഗ്രസ്, നവഖാലിയിലെ ശാന്തി ദൂത് എന്നിവ മഹാത്മാവിന്റെ ജീവിതത്തിന്റെ നേർക്കാഴ്ചയായി.
കേരളത്തിൽ ഗാന്ധിജി നടത്തിയ സന്ദർശനകാലത്തുള്ള പന്മന ആശ്രമം, ഉളിയക്കോവിൽ സന്ദർശനം, മലബാർ ക്രിസ്ത്യൻ കോളേജിലെ സന്ദർശനം,ശിവഗിരിയിൽ ശ്രീനാരായണഗുരുദേവനുമായുള്ള കൂടിക്കാഴ്ച, വൈക്കം സത്യാഗ്രഹം എന്നിവ അപൂർവ്വം കാഴ്ചയായി.പ്രദർശനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധിയുടെ ജീവിത മൂല്യങ്ങളെ പകർന്നു നൽകേണ്ടതിന്റെ ആവശ്യകത കട്ടപ്പന നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീജിത്ത് സിറിയക് അവതരിപ്പിച്ചു. കട്ടപ്പന ഐ.റ്റി.ഐ യിലെ ഗ്രൂപ്പ് ഇൻസ്പെക്ടർ ചന്ദ്രൻ പി.സി അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സാദിഖ് എ, അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ സുജിത്ത് എം.എസ്, ശ്രീജാദിവാകരൻ എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ നിഷാദ് അടിമാലി എന്നിവർ സംസാരിച്ചു.