Timely news thodupuzha

logo

77 ആം റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി ഇടുക്കി ജില്ല: മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും

ഇടുക്കി: രാജ്യത്തിന്റെ 77 ആം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. തിങ്കളാഴ്ച (ജനുവരി 26) രാവിലെ 9 ന് ഇടുക്കി ഐ ഡി എ ഗ്രൗണ്ടിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും. ബാൻഡ് സംഘം ഉൾപ്പടെ പതിനെട്ട് പ്ലറ്റൂണുകൾ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. പോലീസ്, വനംവകുപ്പ്, എക്സൈസ്, എൻ സി സി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്സ്, ഗൈഡ്സ് എന്നീ വിഭാഗങ്ങൾക്ക് പുറമെ കട്ടപ്പന സർക്കാർ കോളേജ്, കുളമാവ് ജവഹർ നവോദയ വിദ്യാലയം, എം ആർ എസ് പൈനാവ്, സെന്റ് ജോർജ് ഹൈസ്‌കൂൾ വാഴത്തോപ്പ്, എസ് എൻ എച്ച് എസ് എസ് കഞ്ഞിക്കുഴി, സെന്റ്. മേരിസ് എച്ച് എസ് എസ് മുരിക്കാശേരി, എന്നിവിടങ്ങളിലെ വിദ്യാർഥികളും പരേഡിൽ പങ്കെടുക്കും.

രാവിലെ 8.40 ന് പ്ലറ്റൂണുകൾ ഗ്രൗണ്ടിൽ അണിനിരക്കും. 8.45 ന് പരേഡ് കമാൻഡർ ചുമതലയേൽക്കും. 8.50 ന് ജില്ലാ പോലീസ് മേധാവിയും ജില്ലാ കളക്ടറും തുടർന്ന് മന്ത്രി റോഷി അഗസ്റ്റിനും ഗ്രൗണ്ടിലെത്തും. ദേശീയ പതാക ഉയർത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിക്കും. തുടർന്ന് മാർച്ച് പാസ്റ്റിന് ശേഷം മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നൽകും.

റിപ്ലബിക് ദിനത്തിൽ പരേഡിന് എത്തിച്ചേരുന്നവരുടെ സൗകര്യം പരിഗണിച്ച് കെഎസ്ആർടിസി കട്ടപ്പനയിൽ നിന്ന് പ്രത്യേക ബസ് സർവീസ് നടത്തും. കൂടാതെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി ഇടുക്കി ഡാം വൈദ്യുതദീപങ്ങളാൽ അലങ്കരിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.

റിപ്പബ്ലിക് ദിനോഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. പോലീസ്, പൊതുമരാമത്ത് വകുപ്പ്, വാട്ടർ അതോറിറ്റി, സിവിൽ സപ്ലൈസ് വകുപ്പ്, കെ എസ് ഇ ബി, ആരോഗ്യവകുപ്പ്, മരിയാപുരം പഞ്ചായത്ത്, ഇടുക്കി താലൂക്ക് ഓഫീസ് എന്നിവർക്കാണ് പരേഡിനാവശ്യമായ സജ്ജീകരണങ്ങൾ മൈതാനത്ത് ഒരുക്കുന്നതിനുള്ള ചുമതല. പരേഡ് പരിശീലനവും റിഹേഴ്‌സലും ഐ ഡി എ മൈതാനത്ത് ആരംഭിച്ചുകഴിഞ്ഞു. പൂർണ്ണമായും ഹരിതചട്ടം പാലിച്ചാവും ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. പൊതുജനങ്ങൾക്ക് പരേഡ് കാണുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, സബ് കളക്ടർ അനൂപ് ഗാർഗ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *