കൊല്ലം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മുൻ പ്രസിഡൻറ് എ.പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം കഴിഞ്ഞാൽ ജാമ്യ ഹർജി സമർപ്പിക്കാനാണ് പത്മകുമാറിൻറെ നീക്കം.
അതിന് മുൻപ് പ്രാഥമിക കുറ്റപത്രമെങ്കിലും സമർപ്പിക്കാനുള്ള ശ്രമത്തിലാണ് എസ്ഐടി. ശബരിമല സ്വർണക്കൊള്ളകേസിൽ എ പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരെത്തെ നിരീക്ഷിച്ചിരുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ച് പാളികൾ കൊടുത്തുവിട്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. ദേവസ്വം മിനിറ്റ്സിൽ തിരുത്തൽ വരുത്തിയത് മനപൂർവമാണെന്നാണ് അന്വേഷണസംഘത്തിൻറെ കണ്ടെൽ.
പിച്ചളപാളി എന്നത് ചെമ്പ് പാളിയെന്ന് എഴുതി. അനുവദിക്കുന്നുവെന്നും മിനിറ്റ്സിൽ സ്വന്തം കൈപ്പടയിൽ എഴുതിച്ചേർത്തു. ഇതിന് പിന്നാലെയാണ് പോറ്റിക്ക് പാളികൾ കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിൻറെ വാദം തെറ്റാണ്. മഹസറിൽ തന്ത്രി ഒപ്പിട്ടെന്ന വാദത്തിന് തെളിവില്ല. കേസിൽ ശങ്കർദാസ് പതിനൊന്നാം പ്രതിയെന്നും എസ്ഐടിയുടെ റിപ്പോർട്ടിലുണ്ട്.






