ഇടുക്കി: തെളിവില്ലെന്ന് കോടതി പറഞ്ഞ സാഹചര്യത്തിൽ എന്തിനാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കാൻ എസ്.ഐ.റ്റി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി അടിമാലിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും എസ്.ഐ.ടിയുടെ അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മർദ്ദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള നിരന്തര സമരത്തിന്റെ ഭാഗമായി പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. മന്ത്രിമാർ വിചിത്രമായ മറുപടിയാണ് നിയമസഭയിൽ നൽകിയത്. തന്ത്രിയെ രക്ഷിക്കാനാണ് പ്രതിപക്ഷം ഇറങ്ങിയിരിക്കുന്നതെന്നാണ് വ്യവസായ- തദ്ദേശ വകുപ്പ് മന്ത്രിമാർ ആരോപണം ഉന്നയിച്ചത്. തന്ത്രിക്ക് പ്രത്യേക പരിരക്ഷയില്ലെന്നാണ് തദ്ദേശ മന്ത്രി പറഞ്ഞത്. കോടതിയെയാണ് പ്രതിപക്ഷം വിമർശിക്കുന്നതെന്ന ആക്ഷേപവും മന്ത്രിമാർ ഉന്നയിച്ചു. കോടതിയെ വിമർശിച്ചത് നിയമമന്ത്രിയാണ്. ശബരിമല തന്ത്രിക്കെതിരെ കേസെടുക്കാൻ തെളിവന്റെ കണിക പോലും ഇല്ലെന്നു പറഞ്ഞാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച കോടതിയെ ഇന്നലെ വിമർശിച്ചത് നിയമമന്ത്രിയാണ്. തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹം എന്ത് കുറ്റകൃത്യമാണ് ചെയ്‌തെന്നും കുറ്റകൃത്യത്തിൽ എന്ത് പങ്കാളിത്തമാണുള്ളതെന്നും എസ്.ഐ.ടി വ്യക്തമാക്കണമെന്ന് തന്ത്രിയെ അറസ്റ്റു ചെയ്തതിന്റെ തൊട്ടടുത്ത ദിവസം ജനുവരി 11-ന് തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. മുൻ മന്ത്രിയെയോ ഇപ്പോഴത്തെ മന്ത്രിയെയോ അറസ്റ്റു ചെയ്താലും കാരണം എന്താണെന്ന് പൊതുജനത്തോട് പറയാനുള്ള ബാധ്യത അന്വേഷണസംഘത്തിനുണ്ടെന്നും പ്രതിപക്ഷം പറഞ്ഞിരുന്നതാണ്. 40 ദിവസം ജയിലിൽ കിടന്നതിനു ശേഷമാണ് തെളിവിന്റെ കണിക പോലും ഇല്ലെന്ന് കോടതി പറഞ്ഞത്. തെളിവില്ലാതെ തന്ത്രിയെ അറസ്റ്റു ചെയ്തത് എന്തിനാണെന്ന് പറയണം. തന്ത്രി അറസ്റ്റിലായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രെഡിറ്റാണെന്നാണ് സി.പി.എം അവകാശപ്പെട്ടത്. തന്ത്രിയെ വരെ ജയിലിലാക്കിയ ആളാണ് പിണറായി എന്നാണ് സി.പി.എം ബൈബർ ഹാൻഡിലുകൾ പ്രചരിപ്പിച്ചത്. ഇപ്പോൾ അതൊന്നും കാണുന്നില്ല. എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പറയാനുള്ള ബാധ്യത എസ്.ഐ.ടിക്കുണ്ട്. ഇപ്പോഴത്തെ മന്ത്രിക്കും നേരത്തെയുണ്ടായിരുന്ന മന്ത്രിക്കും എതിരെ ആരോപണം ഉയരുകയും മൂന്ന് നേതാക്കൾ ജയിലിൽ കിടക്കുകയും സി.പി.എം പ്രതിക്കൂട്ടിലാകുകയും ചെയ്തപ്പോഴാണ് തന്ത്രിയിലേക്ക് അന്വേഷണം പോയത്. അന്നു തന്നെ പ്രതിപക്ഷം സംശയം ഉന്നയിച്ചതാണ്. അതേ സംശയം പ്രതിപക്ഷം ഇപ്പോഴും ഉന്നയിക്കുന്നു. എന്തു കാരണത്താലും തെളിവിന്റെ അടിസ്ഥാനത്തിലുമാണ് തന്ത്രിയെ അറസ്റ്റു ചെയ്തതെന്ന് എസ്.ഐ.ടി വ്യക്തമാക്കണം. തന്ത്രിക്ക് പ്രത്യേക പരിരക്ഷയൊന്നും വേണ്ട. സാധാരണ പൗരനുള്ള പരിരക്ഷപോലും അദ്ദേഹത്തിന് കിട്ടിയിട്ടില്ലെന്ന തരത്തിലാണ് കോടതി വിധി പുറത്തുവന്നിരിക്കുന്നത്. തന്ത്രിയെ അറസ്റ്റു ചെയ്തതിന് കുറിച്ച് ബി.ജെ.പി ഇപ്പോഴാണ് പറയുന്നത്. അറസ്റ്റ് ചെയ്തപ്പോൾ തന്നെ യു.ഡി.എഫ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതി വിധിക്കെതിരെയാണ് മന്ത്രിമാർ നിയമസഭയിൽ പറഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി ഔദ്യോഗിക സംവിധാനങ്ങളെ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. ഏറ്റവും അവസാനമായി ജീവനക്കാർക്ക് ശമ്പളം നൽകുന്ന സ്പാർക്കിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഡാറ്റ മോഷ്ടിച്ചു. ഡാറ്റ മോഷണത്തിനെതിരെ ഹൈക്കോടതി വിധികളും നിയമങ്ങളുമുണ്ട്. ഒരാളുടെയും വ്യക്തിഗത വിവരങ്ങൾ അയാളുടെ അനുവാദം ഇല്ലാതെ പുറത്ത് നൽകാൻ പാടില്ല. സ്പാർക്കിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ സോഷ്യൽ മീഡിയ വിഭാഗം എങ്ങനെയാണ് ഡാറ്റ മോഷ്ടിച്ചത്. അവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. അതിനെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കും. നേരത്തെ സർക്കാർ ഫണ്ട് വിനിയോഗിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ഉപയോഗിച്ച് നവകേരള സർവെ നടത്താൻ ശ്രമിച്ചു. പാർട്ടി സർക്കുലർ ഇറക്കിയ ശേഷമാണ് പണം നൽകാൻ സർക്കാർ ഉത്തരവിട്ടത്. സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചരണം നാട്ടുകാരുടെ നികുതിപ്പണം ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നൽകി നടത്താനുള്ള ശ്രമമാണ് കോടതി തടഞ്ഞത്. നികുതിപ്പണം നൽകിയുള്ള പ്രചരണത്തിനു വേണ്ടി ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ട്രൈബൽ കോളനികളിൽ പോയി സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും സർക്കാർ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഒദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് ഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ച് തിരഞ്ഞെടുപ്പ് കാമ്പയിൻ നടത്തുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണം പി.ആർ.ഡി ഉൾപ്പെടെയുള്ള വകുപ്പുകളെ ഉപയോഗിച്ച് നടത്തുന്നതിനെ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധിക്കും.
പുതുയുഗ യാത്രയുടെ ഭാഗമായുള്ള ‘സംവദിക്കാം പുതുയുഗത്തിനായ്’ എന്ന സംവാദ പരിപാടിയിൽ ഭൂ പ്രശ്‌നം ഉൾപ്പെടെ ഇടുക്കി ജില്ല നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ചയായി. സർക്കാരിന്റെ അവഗണനയും അനാസ്ഥയും കോടതികളിലെ വ്യത്യസ്ത നിലപാടുകളും കൊണ്ട് ആയിരക്കണക്കിന് ആളുകളാണ് ഈ ജില്ലയിൽ പ്രയാസപ്പെടുന്നത്. ജില്ലയിലെ ഭൂമി പ്രശ്‌നങ്ങൾ യു.ഡി.എഫ് അധികാരത്തിൽ എത്തുമ്പോൾ ശാശ്വതമായി പരിഹരിക്കും. ജില്ലയെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ ഉൾക്കൊള്ളിച്ച് ഇടുക്കി ഡോക്യുമെന്റ് തയാറാക്കി സമയബന്ധിതമായ ജില്ലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കും. ജില്ലയിലെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടി ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ കോൺക്ലേവ് സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ പ്രശ്‌നങ്ങൾക്ക് യു.ഡി.എഫ് പരിഹാരം ഉണ്ടാക്കും. നേര്യമംഗലം റോഡുമായി ബന്ധപ്പെട്ട് സർക്കാരിന്റെ രണ്ട് വകുപ്പുകൾ വ്യത്യസ്ത നിലപാടെടുത്ത് വൈകിപ്പിക്കുകയാണ്. ഒരു റോഡ് പണിത് പണം നൽകി സെലിബ്രിറ്റിയെ കൊണ്ട് വന്ന് റോഡ് നല്ലതാണെന്ന് പറയിപ്പിച്ചിട്ട് കാര്യമില്ല. റവന്യൂ ഭൂമി അനധികൃതമായി ഫോറസ്റ്റ് ഭൂമിയാക്കി മാറ്റിയ ഭൂമി ഡീ നോട്ടിഫൈ ചെയ്യും. വി.എസിന്റെ കാലത്തും പിണറായിയുടെ പത്തു വർഷക്കാലവും 54000 ഏക്കർ നോട്ടിഫൈ ചെയ്തിട്ടുണ്ട്. അതിൽ ഭൂരിഭാഗവും റവന്യൂ ഭൂമിയാണ്. തെറ്റായി നോട്ടിഫൈ ചെയ്തത് യു.ഡി.എഫ് സർക്കാർ ഡീ നോട്ടിഫൈ ചെയ്യും.
പട്ടയം നൽകിയ ഭൂമയിലെ കെട്ടിടങ്ങൾ ഫീസ് ഈടാക്കി റെഗുലറൈസ് നൽകുന്നത് അംഗീകരിക്കാനാകില്ല. നേരത്തെ പണം നൽകിയാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. വീണ്ടും പണം ഈടാക്കുന്നത് പോക്കറ്റടിക്കുന്നതിന് തുല്യമാണ്. അതിന് യു.ഡി.എഫ് കൂട്ടു നിൽക്കില്ല. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ നിന്നും പരാതി ഉയരുന്നുണ്ട്. നഷ്ടപരിഹാരം പോലും നൽകിയിട്ടില്ല. വന്യജീവി ആക്രമണം തടയാൻ ഈ സർക്കാരിന് ഒരു നടപടിയുമില്ല. യു.ഡി.എഫ് അധികാരത്തിൽ എത്തുമ്പോൾ വന്യജീവി ആക്രമണം തടയാൻ സമഗ്ര പദ്ധതി നടപ്പാക്കും.
ആരോഗ്യമേഖലയിൽ നടക്കുന്നതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ അന്വേഷണ റിപ്പോർട്ടുകൾ ക്രോഡീകരിച്ചാൽ നിരവധി വാല്യങ്ങളുള്ള പുസ്തകം ഇറക്കാം. അത് വയ്ക്കാൻ വലിയ ഹാൾ പണിയേണ്ടി വരും. കത്രിക 50 വർഷം വയറ്റിൽ കിടന്നാലും കുഴപ്പമില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.






