

തൊടുപുഴ: കഴിഞ്ഞകാലങ്ങളിൽ ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും നഷ്ടപ്പെട്ട മൊബൈൽ ഫോണുകളിൽ പോലീസ് കണ്ടെത്തിയവ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വച്ച് ജില്ലാ പോലീസ് മേധാവി ശ്രീ കെ എം സാബു മാത്യു ഐപിഎസ്, ഉടമസ്ഥർക്ക് തിരികെ നൽകി.



ഇടുക്കി സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽനടത്തപ്പട്ട CEIR പോർട്ടൽ ഡ്രൈവിന്റെ ഭാഗമായി, നഷ്ടപ്പെട്ടുപോയ 69 മൊബൈൽ ഫോണുകളാണ് ഒരാഴ്ച കൊണ്ട് കണ്ടെത്താനായത്. പല മൊബൈൽ ഫോണുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് കണ്ടെത്തി തിരികെ കൊണ്ടുവന്നത്. ദേവികുളം, കുമളി, ശാന്തൻപാറ തുടങ്ങിയ സ്റ്റേഷനിൽ ആണ് കൂടുതൽ ഫോണുകൾ തിരികെ ലഭിച്ചത്. ജില്ലാ പോലീസ് മേധാവിയും, മൊബൈൽ ഫോണിൻറെ ഉടമസ്ഥരും, ഈ ഉദ്യമത്തിൽ പ്രവർത്തിച്ച പോലീസ് ഉദ്യോഗസ്ഥരോടുള്ള അഭിനന്ദങ്ങളും, നന്ദിയും രേഖപ്പെടുത്തുകയുണ്ടായി. ഇതുവരെയും 1082 മൊബൈൽ ഫോണുകൾ ഇടുക്കി ജില്ലയിൽ നഷ്ടപ്പെട്ടതിൽ 332 എണ്ണം തിരികെ കണ്ടെത്താനായിട്ടുണ്ട്.




നഷ്ടമായ സ്മാര്‍ട്ട് ഫോണിൽ സ്വകാര്യ വിവരങ്ങൾ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ മറ്റൊരു മാര്‍ഗ്ഗത്തിലൂടെ കഴിയും.



അതിനായി https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.





