തേക്കടി: ഹരിത ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെരിയാർ ടൈഗർ റിസർവിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പുതിയ പദ്ധതി പ്രകാരം മൂന്ന് സി.എൻ.ജി ബസ്സുകൾ സർവീസിന് ഒരുങ്ങുന്നു. ഭാരതത്തിന്റെ വ്യവസായ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫെനറിയുടെ വജ്ര ജൂബിലി വർഷത്തോടനുബന്ധിച്ചാണ് ഈ ബസ്സുകൾ കൈമാറുന്നത്. ബി.പി.സി.എല്ലിന്റെ സാമൂഹിക പ്രതിബദ്ധത ഫണ്ടിന്റെ ഭാഗമായി 88.37 ലക്ഷം രൂപ ചിലവഴിച്ചാണ് പെരിയാർ ഫൗണ്ടേഷനുമായി സഹകരിച്ച് ഈ ബസ്സുകൾ വാങ്ങിയിരിക്കുന്നത്. സി.എൻ.ജി. ബസ്സുകളുടെ ഫ്ലാഗ് ഓഫ് 5 ന് ബാമ്പൂ ഗ്രോവ് കളരിയിൽ വെച്ച് നടക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ചടങ്ങിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും നിർവ്വഹിക്കും.
ചടങ്ങിൽ പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് അധ്യക്ഷത വഹിക്കും. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യ അതിഥിയായിരിക്കും. ബി.പി.സി.എൽ കൊച്ചി റിഫെനറി ജനറൽ മാനേജർ എം. മേഘനാഥൻ, കുമിളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. വർഗീസ്, ഐ.ആർ.എസ് മാനേജർ സോബിൻ എസ്, ഗ്രാമപഞ്ചായത്ത് മെമ്പർ അഞ്ജു ഗോപി, പി.ടി.സി.എഫ് ഗവേണിംഗ് ബോഡി മെമ്പർ ഷാജി കുരിശുമുട്, പി.ടി.സി.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എം.കെ ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) ഡോ. പി. പുകഴേന്തി ഐ.എഫ്.എസ് സ്വാഗതവും, പെരിയാർ ടൈഗർ റിസർവ് ഫീൽഡ് ഡയറക്ടർ പ്രമോദ് പി.പി ഐ.എഫ്.എസ് നന്ദിയും രേഖപ്പെടുത്തും.






