Timely news thodupuzha

റോഡരികിൽ ജമന്തി പൂക്കളുടെ കാഴ്ചവിരുന്നൊരുക്കി പൊന്നുണ്ണിയും കുടുംബവും

രാജാക്കാട്: വീടുകളിൽ ചെടികൾ നടുപരിപാലിക്കുന്നത് സാധാരണമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി താമരയും ജമന്തിയുമൊക്കെ നട്ടു പരിപാലിക്കുകയാണ് രാജാക്കാട് സ്വദേശി വെട്ടുകല്ലുമാക്കൽ പൊന്നുണ്ണിയും ഭാര്യയും രണ്ട് പെൺമക്കളും ചേർന്ന്.വീട്ടുമുറ്റത്ത് റോഡരികിലായി പൂത്തുലഞ്ഞ് നിൽക്കുന്ന ജമന്തി തോട്ടം യാത്രക്കാർക്കും മനോഹര കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.

തിരക്കിട്ട ജീവിതത്തിന്റെ ഓട്ടത്തിനിടയിലും പൊന്നുണ്ണിയും ഭാര്യ രാജിയും മക്കളായ ആദിത്യ ഉണ്ണിയും അദ്വൈത ഉണ്ണിയും പൂക്കളും ചെടികളും പരിപാലിക്കാൻ സമയം കണ്ടെത്തും.രാജാക്കാട് പൊന്മുടി റൂട്ടിൽ ചെരിപുറത്താണ് ഇവരുടെ വീട്. ഇരുനില വീടിന് മുന്നിൽ മതിൽ കെട്ടി മറക്കാതെ കാഴ്ചവിരുന്നൊരുക്കി മനോഹരമായ ജമന്തി തോട്ടമാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ പൂത്ത് നിൽക്കുന്ന ഈ ജമന്തി തോട്ടം ആരെയും ആകർഷിക്കുന്ന മനോഹര കാഴ്ചയാണ്. നഴ്സറിയിൽ നിന്നും വിലയ്ക്ക് വാങ്ങിയ ഹൈബ്രീഡ് തൈകളാണ് നട്ടു പരിപാലിച്ചത്.

ചെടികളുടെ പരിപാലനം എറെ മാനസിക സന്തോഷം നൽകുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.ജമന്തി മാത്രമല്ല മടുപ്പാവിലും കുളത്തിലുമായി താമരയും മറ്റ് ചെടികളും ഇവിടെ ധാരാളമുണ്ട്. വിടരുന്ന പൂക്കൾ പുറത്ത് വിൽക്കാറില്ല. പകരം വിളവെടുത്ത് സമീപത്തെ ക്ഷേത്രങ്ങളിൽ എത്തിച്ച് നൽകും. ഒഴിവുസമയങ്ങൾ വെറുതെ കളയാതെ ചെടികളുടെ പരിപാലനത്തിലൂടെ ഭക്തിയുടേയും സ്നേഹത്തിന്റേയും സന്ദേശം കൂടി പകർന്ന് നൽകുകയാണ് ഇവർ.

Leave a Comment

Your email address will not be published. Required fields are marked *