ഇടുക്കി: സഹകരണ ബാങ്കുകളും പൊതുജനങ്ങളുമായി ബന്ധപ്പെട്ടുള്ള പലവിധ വിഷയങ്ങൾ പരിഹരിക്കുന്നതിനായി ഈ മാസം 28ന് സഹകരണ അദാലത്ത് നടത്തുമെന്ന് ഇടുക്കി എംഎൽഎ റോയി കെ കെ പൗലോസ് പറഞ്ഞു. സർക്കാർ അധികാരമേറ്റ ശേഷം വായ്പകൾ ഉൾപ്പെടെ ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ ബാങ്കുകൾക്ക് നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ല എന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അദാലത്ത് നടത്താൻ തീരുമാനിച്ചതെന്നും എംഎൽഎ വ്യക്തമാക്കി. വായ്പ കുടിശ്ശിക ഉള്ളവർക്ക് ജപ്തി നടപടി ഉൾപ്പെടെ ബാങ്കുകൾ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിലാണ് സർക്കാർ മൂന്നുമാസത്തേക്ക് നടപടികൾ നിർത്തിവെക്കാൻ സഹകരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഈ മാസം ഈ കാലാവധി അവസാനിക്കാനിരിക്കെ ബാങ്കുകൾ ജനങ്ങളോടുള്ള സമീപനത്തിൽ മാറ്റമില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇടുക്കി നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന ബാങ്ക് അധികൃതരെയും നടപടികൾ നേരിടുന്ന ജനങ്ങളെയും അദാലത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും, സർക്കാർ തീരുമാനം നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ ഇതോടെ ഉണ്ടാവുമെന്നും എംഎൽഎ പറഞ്ഞു . ചെറുതോണിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്. മറ്റ് നേതാക്കളായ എംഡി അർജുനൻ അനിൽ ആ നിക്കനാട്ട് എം കെ പുരുഷോത്തമൻ അഡ്വ. അനീഷ് ജോർജ് ഉൾപ്പെടെയുള്ളവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സഹകരണ അദാലത്ത് 28ന് നടത്തുമെന്ന് ഇടുക്കി എംഎൽഎ റോയി കെ കെ പൗലോസ്






