വിഷയം: തൊടുപുഴ നഗരത്തിലെ രാത്രികാല കടകളുടെ പ്രവർത്തന സമയം നിയന്ത്രിക്കുന്നതും, ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കർശനമായി അടിച്ചമർത്തുന്നതും സംബന്ധിച്ച് നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എയ്ക്ക് നിവേദനം നൽകി കെ.പി.സി.സി മൈനോറിറ്റി സെൽ ഇടുക്കി ജില്ലാ കോർഡിനേറ്റർ സണ്ണി മണർകാട്ട്. തൊടുപുഴ നഗരത്തിലും പരിസരപ്രദേശങ്ങളിലും ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും ഉറപ്പുവരുത്തുന്നതിനായി അടിയന്തരമായി ഇടപെടണം എന്ന് അഭ്യർത്ഥിച്ചു.
പ്രധാന ആവശ്യങ്ങൾ: രാത്രികാല കടകളുടെ സമയക്രമീകരണം: തൊടുപുഴയിലെ സാധാരണ കടകളും വ്യാപാര സ്ഥാപനങ്ങളും രാത്രി 11 മണിക്ക് ശേഷം തുറന്ന് പ്രവർത്തിക്കാൻ യാതൊരു കാരണവശാലും അനുവദിക്കരുത്. അസമയത്തുള്ള ഈ വ്യാപാരങ്ങൾ പലപ്പോഴും ലഹരി ഇടപാടുകാർക്കും സാമൂഹിക വിരുദ്ധർക്കും താവളമൊരുക്കുന്നതായി പൊതുജനങ്ങൾ ആശങ്കപ്പെടുന്നു.ലഹരി മാഫിയയെ ഇല്ലായ്മ ചെയ്യുക: വളർന്നുവരുന്ന യുവതലമുറയെയും വിദ്യാർത്ഥികളെയും കാർന്നുതിന്നുന്ന ഡ്രഗ്സ് മാഫിയയെ തൊടുപുഴ മണ്ണിൽ നിന്നും പൂർണ്ണമായി തുടച്ചുനീക്കണം. രാഷ്ട്രീയ സ്വാധീനങ്ങൾക്കോ കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കോ വഴങ്ങാതെ, വിട്ടുവീഴ്ചയില്ലാത്ത കർശനമായ നടപടികൾ പോലീസിന്റെയും എക്സൈസിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുവാൻ അടിയന്തര നിർദ്ദേശം നൽകണം.ഭരണസ്വാധീനത്തിൽ നിന്നുള്ള മോചനം: ഒരു മുൻ മുൻസിപ്പൽ ചെയർമാൻ പോലും ലഹരി മാഫിയയുടെ പിടിയിൽ അമർന്നു എന്ന തരത്തിലുള്ള ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം സ്വാധീനങ്ങൾ ജനങ്ങളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്നതിനാൽ, ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഇടപെടലുകൾക്ക് ഇട നൽകാതെ നിയമം കർശനമായി നടപ്പിലാക്കണം.നാടിന്റെ സമാധാന അന്തരീക്ഷം നിലനിർത്താനും നമ്മുടെ കുട്ടികളെ ഈ വലിയ വിപത്തിൽ നിന്ന് മോചിപ്പിക്കാനും ജനപ്രതിനിധി എന്ന നിലയിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നതായും നിവേദനത്തിൽ അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.






