തൊടുപുഴ: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ (UPI) പേയ്മെന്റുകൾക്ക് ചാർജ് ഈടാക്കാനുള്ള തീരുമാനം ചെറുകിട വ്യാപാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്നും ഇത് കടുത്ത വ്യാപാര ദ്രോഹമാണെന്നും വ്യാപാരി ക്ലബ് 38 ഭാരവാഹികൾ അറിയിച്ചു. ഈ ജനദ്രോഹ നടപടിയുമായി മുന്നോട്ടുപോയാൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഏതാണ്ട് ഒരു ലക്ഷത്തോളം ചെറുകിട വ്യാപാരസ്ഥാപനങ്ങളാണ് കടുത്ത വ്യാപാര മാന്ദ്യവും സാമ്പത്തിക പ്രതിസന്ധിയും മൂലം പൂട്ടിപ്പോയത്. ഈ സാഹചര്യത്തിൽ യുപിഐ പേയ്മെന്റുകൾക്ക് മേൽ 0.4% ചാർജ് ഈടാക്കുന്നത് ‘കൂനിന്മേൽ കുരു’ വന്നതുപോലെ ചെറുകിട കച്ചവടക്കാരെ പൂർണ്ണമായും തകർക്കുമെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിലവിൽ 90 ശതമാനത്തോളം കച്ചവടവും വൻകിട കോർപ്പറേറ്റ് മേഖലയിലേക്ക് കേന്ദ്രീകരിക്കുന്ന സാഹചര്യത്തിലാണ് ചെറുകിടക്കാരെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത്.വ്യാപാരി ക്ലബ് 38 പ്രസിഡന്റ് രാജു തരണിയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. യോഗത്തിൽ സെക്രട്ടറി സി.കെ. നവാസ്, അനീഷ് ജി. ഹബ്, P.N.K അനിൽ, കെ.പി. ശിവദാസ്, ഷെരീഫ് സർഗ്ഗം, ലിജോൺസ് ഹിന്ദുസ്ഥാൻ,ഷിയാസ് എംപീസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ചാർജ് വർദ്ധന പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
യുപിഐ പേയ്മെന്റ് ചാർജ്: ‘വ്യാപാര ദ്രോഹം’, ശക്തമായ സമരവുമായി വ്യാപാരി ക്ലബ് 38






