തൊടുപുഴ: നഗരസഭയിലെ അഴിമതിയും തമ്മിലടിയും മൂലം നഗരത്തിലെ വികസനം മുടങ്ങുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം മുനിസിപ്പൽ കമ്മിറ്റി പ്രകടനവും ധർണയും നടത്തി. തൊടുപുഴ വെസ്റ്റ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. നഗരസഭാ കവാടത്തിൽ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്‌ഘാടനം ചെയ്‌തു.

അഴിമതി പണം പങ്കുവയ്‌ക്കുന്നതിലുള്ള തർക്കമാണ് തൊടുപുഴ നഗരസഭയിൽ നടക്കുന്നതെന്നും ഭരണമുന്നണിയിലെ തർക്കം നഗരത്തിന്റ വികസന പ്രവർത്തനത്തെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വികസനത്തിനായി അനുവദിക്കുന്ന ഫണ്ട് ദുർവിനിയോഗം ചെയ്യുന്നത് യുഡിഎഫ് ഭരണത്തിൽ സർവസാധാരണമാണ്. വിദഗ്ദമായി തട്ടിപ്പുനടത്താനുള്ള പരിശീലനം ലഭിച്ചവരാണ് ഇവർ.
കോൺഗ്രസ് നേതാക്കളാരും ഇന്ന് സോഷ്യലിസത്തെക്കുറിച്ച് പറയുന്നില്ല. കേരളത്തിന്റെ മുഖ്യമന്ത്രി തന്നിഷ്ടപ്രകാരമാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന പരാതിപറഞ്ഞത് യുഡിഎഫ് കൺവീനറാണ്. ചെലവ് ചുരുക്കലിന്റെ പേരിൽ മുഖ്യൻ ആകാശ സഞ്ചാരമാണ് നടത്തുന്നത്. കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണം നാടിന് നൽകിയ നേട്ടങ്ങൾ ഒന്നൊന്നായി തകർക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ആരോഗ്യ–വിദ്യാഭ്യാസ മേഖലയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങൾ ജാഗ്രതയോടെ അഴിമതി തുറന്നുകാട്ടാൻ ശ്രമിക്കണമെന്നും ഇതിനെതിരെ ജനകീയ പോരാട്ടം ഉയർത്തണമെന്നും സി വി വർഗീസ് പറഞ്ഞു. തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി ആർ സോമൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ, ഇൗസ്‌റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ്, ജില്ലാ കമ്മിറ്റിയംഗം വി വി മത്തായി എന്നിവർ സംസാരിച്ചു.






