Timely news thodupuzha

ജന്തർ മന്തർ സമരത്തില് ചീഫ് ജസ്റ്റിസിൻറെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതി ബാർ അസോസിയേഷൻ

ന്യൂഡൽഹി: ഡൽഹിയിൽ ജന്തർ മന്തർ പ്രതിഷേധത്തിനിടെ അഭിഭാഷകർക്കെതിരേ പൊലീസ് അമിതമായ ബലപ്രയോഗം നടത്തിയെന്ന റിപ്പോർട്ടുകളിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് അസോസിയേഷൻ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെതിരേ സിജെപി ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അഭിഭാഷകരെ കസ്റ്റഡിയിലെടുത്തത്. നിരവധി അഭിഭാഷകരെ കസ്റ്റഡിയിലെടുത്തതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ പ്രമേയത്തിൽ വ്യക്തമാക്കി.

സുപ്രീം കോടതി പരിസരത്ത് ശനിയാഴ്ച സമാധാനപരമായി പ്രതിഷേധിച്ച മുതിർന്ന അഭിഭാഷകരും യുവ അഭിഭാഷകരും വനിതാ അഭിഭാഷകരും ഉൾപ്പെടെയുള്ളവർക്കെതിരേ പൊലീസ് അമിതമായ ബലപ്രയോഗം നടത്തിയെന്ന റിപ്പോർട്ടുകളിൽ കടുത്ത ആശങ്കയുണ്ടെന്നും അസോസിയേഷൻ അറിയിച്ചു. കസ്റ്റഡിയിലുള്ള ഓരോ അഭിഭാഷകൻറെയും സ്ഥിതിയും സുരക്ഷയും ഉറപ്പാക്കണം. അവർക്ക് നിയമസഹായം ലഭ്യമാക്കുകയും നിയമപരമായ കാരണങ്ങളില്ലാതെ കസ്റ്റഡിയിലെടുത്തവരെ ഉടൻ മോചിപ്പിക്കുകയും വേണം.

ഇതിനായി ചീഫ് ജസ്റ്റിസ് ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തി അടിയന്തരമായി ഇടപെടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. കസ്റ്റഡിയുടെ സാഹചര്യങ്ങളും ബലപ്രയോഗം നടന്നെന്ന റിപ്പോർട്ടുകളും പരിശോധിച്ച് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രമേയത്തിൻറെ പകർപ്പ് അടിയന്തര പരിഗണനയ്ക്കായി ചീഫ് ജസ്റ്റിസിന് കൈമാറുമെന്നും അസോസിയേഷൻ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *