ചെന്നൈ: ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനോട് അടുത്തതായി റിപ്പോർട്ടുകൾ. പേടകത്തെ ചന്ദ്രന്‍റെ ആകർഷണ വലയത്തിലെത്തിക്കുന്ന ‘ട്രാൻസ്‌ലൂണാർ ഇൻജക്ഷൻ’ ഇസ്റോ ഇന്നലെ രാത്രിയോടെ വിജയകരമായി പൂർത്തിയാക്കി.
ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്‍റെ അടുത്തേക്കുള്ള യാത്രയ്ക്കു തുടക്കമിടുന്ന പ്രക്രിയയാണിത്. വരുന്ന 5 ദിവസങ്ങളിൽ ചന്ദ്രന്‍റെയോ ഭൂമിയുടേയോ സ്വാധീനമില്ലാത്ത ലൂണാർ ട്രാൻസ്ഫർ ട്രജക്‌ട്രിയെന്ന പഥത്തിലാണ് പേടകം സഞ്ചരിക്കുക.
ഓഗസ്റ്റ് അഞ്ചോടെ ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് എത്തും. 5 ഭ്രമണപഥങ്ങൾ കടന്ന് ഓഗസ്റ്റ് 23 ന് വൈകിട്ട് 5.47 ഓടെ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.