തൊടുപുഴ: കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും മാലിന്യ മുക്തമാക്കുന്ന ശുജീകരണ തൊഴിലാളികളെ അടിമപ്പണിക്കാരായി കാണുന്ന അധികാര വർഗ നിലപാടിൽ മാറ്റം വരുത്തണമെന്ന് തൊടുപുഴ മുനിസിപ്പൽ വികസന സ്ഥിരം സമിതി ചെയർമാൻ കെ.ദീപക്.
കണ്ടിജന്റ് എംപ്ലോയീസ് കോൺഗ്രസ് ഐ.എൻ.റ്റി.യു.സി സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തിയ അവകാശ പ്രഖ്യാപന സമരം ഉൽഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ് അധ്യക്ഷത വഹിച്ചു. തൊഴിലാളി വർഗ സംരക്ഷകരെന്ന് വീമ്പു പറയുന്ന ഇടതു മുന്നണി സർക്കാർ തദ്ദേശ സ്ഥാപന ജീവനക്കാരെ എകീകരിച്ചപ്പോൾ ശുജീകരണ വിഭാഗം തൊഴിലാളികളെ മറന്നുകൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചതെന്നും കെ.ദീപക് വ്യക്തമാക്കി.
35 വാർഡുള്ള തൊടുപുഴ നഗരസഭയിൽ കണ്ടിജന്റ് വിഭാഗത്തിൽ ആകെ 20 സ്ഥിരം തൊഴിലാളി ആണുള്ളത്. ഇവരെയും എംപ്ലോയ്മെന്റ് വഴി യുള്ള സി.എൽ.ആർ തൊഴിലാളികളെയും ഉപയോഗിച്ചാണ് ഇന്നും നഗരത്തിൽ മാലിന്യ നിർമാർജന പ്രക്രിയ നടക്കുന്നത്. വർഷങ്ങളായി മാലിന്യം നീക്കം ചെയ്യുന്ന സി.എൽ.ആർ വിഭാഗത്തിലെ മുഴുവൻ തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടിട്ടും സർക്കാർ അനുകൂല നിലപാട് എടുക്കാത്തത് അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമരത്തിൽ കൗൺസിലർ സാബിറ ജലീൽ, യൂണിറ്റ് പ്രസിഡന്റ് നൗഷാദ് പുതിയാകുന്നേൽ, സെക്രട്ടറി ഷിബുമോൻ, മാടസ്വാമി എന്നിവർ പ്രസംഗിച്ചു.