തൊടുപുഴ: പൊലീസ് ബലമായി കൈയേറിയ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായിരുന്ന മാരിയിൽ കൃഷ്ണൻ നായരുടെ കുടുംബ സ്വത്തിലുൾപ്പെട്ട സ്ഥലം കോടതി നിർദ്ദേശമനുസരിച്ച് അളന്നു തിരിച്ചു. 02.10.2016ൽ തൊടുപുഴ സി.ഐ ആയിരുന്ന എം.ജി.ശ്രീമോൻറെ നേത്യത്വത്തിൽ ഹിറ്റാച്ചി ഉപയോഗിച്ച് ബലമായി സ്വകാര്യ ഭൂമി ഇടിച്ച് നിരത്തുകയായിരുന്നു.
പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പ്രവർത്തിച്ചിരുന്ന കാന്റീന് സൗകര്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ഭൂമി ഏറ്റെടുത്ത സംഭവത്തിൽ തൊടുപുഴ മുൻസിഫ് കോടതിയിൽ നില നിൽക്കുന്ന കേസിൽ കോടതി നിർദ്ദേശ പ്രകാരമാണ് അഡ്വക്കേറ്റ് കമ്മീഷണറുടെ നേത്യത്വത്തിൽ താലൂക്ക് സർവേയർ അളന്നു തിരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സി.ഐ.ശ്രീമോനെതിരെ ക്രിമിനൽ കേസും എടുത്തിരുന്നു. മാരിയിൽ കൃഷ്ണൻ നായരുടെ സഹോദരൻ എം.കെ.ദത്തൻ, അഡ്വക്കേറ്റ് ബിജു പറയന്നിലം മുഖേന ഫയൽ ചെയ്തിട്ടുള്ള കേസിലാണ് നടപടി.