തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെവന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കുളള സാധ്യതയും പ്രവചിച്ചു.
കേരളത്തിൽ അടുത്ത അഞ്ചു ദിവസത്തേക്ക് മഴതുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള കർണാടക ലക്ഷ്യ ദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യ ബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
വടക്കൻ കർണാടക തീരപ്രദേശത്തിന് മുകളിൽ ചക്രവാതച്ചുഴിയും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. വടക്കൻ മധ്യപ്രദേശിന് മുകളിലും മ്യാൻമാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.