തൊടുപുഴ: കനത്ത മഴയെത്തുടര്‍ന്ന് തോട്ടില്‍ നിന്ന് വെള്ളം കരകവിഞ്ഞ് കാരിക്കോട്- കുന്നം റോഡിലും തൊണ്ടിക്കുഴ- ഇടവെട്ടി റോഡിലും വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം മുടങ്ങി. ഇടവെട്ടി വലിയ തോട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ മുതലാണ് വെള്ളം കയറാന്‍ ആരംഭിച്ചത്.
ഞായര്‍ രാത്രി 11 മണി മുതല്‍ ഇന്നലെ പുലര്‍ച്ചെ മൂന്ന് വരെ മേഖലയില്‍ കനത്ത മഴയാണ് ലഭിച്ചത്, ഇതോടെയാണ് തോട്ടില്‍ ജലനിരപ്പുയരാന്‍ തുടങ്ങിയത്. തൊണ്ടിക്കുഴയില്‍ എംവിഐപി അക്വഡേറ്റിന് അടിയിലുള്ള പാലത്തില്‍ വെള്ളം കയറിയതോടെയാണ് ഇടവെട്ടി പഞ്ചായത്തിലേക്ക് അടക്കമുള്ള ഏക റോഡാണ് അടഞ്ഞത്. അക്കരെ താമസിക്കുന്നവര്‍ പിന്നീട് കുമ്പംകല്ല്, ഇടവെട്ടി ഭാഗത്തേക്ക് പോയാണ് തൊടുപുഴയ്ക്ക് സഞ്ചരിച്ചത്.
തൊണ്ടിക്കുഴയിലെ പുതിയ റേഷന്‍ കടക്ക് സമീപം വെള്ളം കയറിയാണ് കാരിക്കോട്-കുന്നം റോഡില്‍ ഗതാഗതം മുടങ്ങിയത്. ഇവിടെ സമീപത്തെ നിലം, തെങ്ങിന്‍ത്തോപ്പ് എന്നിവിടങ്ങളിലും ചെറിയ തോതില്‍ വീടുകളിലും വെള്ളം കയറി. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന് സമീപം വരെ വെള്ളമെത്തി. രണ്ട് വര്‍ഷത്തിനിടെ ഈ ഭാഗത്ത് വെള്ളം ഇത്തരത്തില്‍ കയറുന്നത് ആദ്യമാണ്. ഇടവെട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ മരവെട്ടിച്ചുവട് പാലത്തിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. ഉച്ചയോടെയാണ് പിന്നീട് വെള്ളം പൂര്‍ണ്ണമായും ഇറങ്ങിയത്.