പട്ടിക്കാട്: ദേശീയപാത തുരങ്കഭാഗത്തേക്ക് ഒറ്റവരിയാക്കി ഒതുക്കുന്നതിനുള്ള പണികൾ തുടങ്ങി. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി ഉണ്ടായിട്ടില്ല.
പാലക്കാട് ഭാഗത്തുനിന്ന് പ്രവേശിക്കുന്ന ഒന്നാം തുരങ്കത്തിൽ കോൺക്രീറ്റ് നടത്താൻ ബാക്കിയുള്ള ഭാഗത്ത് നിർമാണം നടത്താനാണ് ഗതാഗതം നിയന്ത്രിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഇരു ദിശയിലേക്കും ഒരേ റോഡിലൂടെ വാഹനങ്ങൾ വിടുന്നത് അപകടത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. നേരത്തേ ഒരു പാത അടച്ചിട്ടിരിക്കുകയായിരുന്നു.
ഡിസംബർ 31ന് കാറപകടത്തിൽ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌ത ശേഷമാണ് രണ്ട് പാതകളും തുറന്നത്. ഒരു ഭാഗത്തെ റോഡിന്റെ നിര്‍മാണത്തില്‍ തുടക്കം മുതല്‍ അപാകം ചൂണ്ടിക്കാട്ടിയെങ്കിലും റോഡ് ഇടിഞ്ഞുതാഴ്‌ന്നതിനു ശേഷമാണ് പുനര്‍നിർമിക്കാന്‍ തിരുമാനിച്ചത്.
ആറുമാസം എടുത്താണ് നിര്‍മാണം പൂര്‍ത്തിയായത്. ഗതാഗതം ഒറ്ററോഡിലാക്കി നിയന്ത്രിക്കുന്നതോടെ ഈ റോഡില്‍ അപകടസാധ്യത വര്‍ധിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.






