ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ സ്ഥിരം ജാമ്യം തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഡൽഹി റോസ് അവന്യു കോടതിയെ സമീപിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം കോടതി കേസ് പരിഗണിക്കുമെന്നാണ് വിവരം.
ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ അപേക്ഷ സുപ്രീം കോടതി രജിസ്ട്രി സ്ഥീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നേരത്തെ നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ല എന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്.
പിന്നാലെയാണ് കെജ്‌രിവാൾ വിചാരണ കോടതിയെ സമീപിച്ചത്. സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യം ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് കെജ്‌രിവാളിന്‍റെ നീക്കം.
ഇടക്കാല ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ സ്ഥിരം ജാമ്യത്തിന് കെജ്‌രിവാളിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, വിചാരണക്കോടതിയെ സമീപിക്കാതെ ഇടക്കാല ജാമ്യം നീട്ടുന്നതിന് സുപ്രീം കോടതിയിൽ കെജ്‌രിവാൾ സമർപ്പിച്ച അപേക്ഷ നിയമപരമായി നിലനിൽക്കില്ലെന്നായിരുന്നു രജിസ്ട്രിയുടെ നിലപാട്.