കർണാടക: ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻറെതാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഫലം വന്ന സാഹചര്യത്തിൽ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുളള നടപടിക്രമങ്ങൾക്ക് ആരംഭിക്കും.
അർജുൻറെ സഹോദരൻറെ ഡി.എൻ.എ സാംപിളുമായാണ്, കണ്ടെടുത്ത ശരീരത്തിലെ ഡി.എൻ.എ ഒത്ത് നോക്കിയത്. ലോറി അർജുൻറെത് തന്നെയെന്ന് ഉറപ്പിച്ചതോടെ മൃതദേഹത്തെക്കുറിച്ച് സംശയം ഉണ്ടായിരുന്നില്ല.
അർജുൻറെ വാച്ച്, ചെരുപ്പ്, ഫോണുകൾ, പ്രഷർ കുക്കർ, സ്റ്റീൽ പാത്രങ്ങൾ തുടങ്ങിയവയും കാബിനിൽ നിന്ന് കണ്ടെടുത്തിരുന്നു. മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിൽ ആയതിനാൽ ഡി.എൻ.എ പരിശോധന നടത്തി ഉറപ്പിക്കുകയായിരുന്നു.
കർണാടക പൊലീസിലെ സി.ഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന ആംബുലൻസിൻറെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്.
കാർവാർ എം.എൽ.എ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയാൽ കാർവാർ എസ്.പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കും.
മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലൻസും മൊബൈൽ ഫ്രീസറും അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാണെന്നും ജില്ലാ ഭരണകൂടം എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയെന്നും എ.കെ.എം അഷ്റഫ് പറഞ്ഞു.