അടിമാലി: സമഗ്ര വികസന കാഴ്ചപ്പാടുകളുമായി അടിമാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കോൺക്ലേവ് 2024 സമഗ്ര വികസന ടൂറിസം ചർച്ച നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗമ്യ അനിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനസ് ഇബ്രാഹിം സ്വാഗതം പറഞ്ഞു. ദേവികുളം എം.എൽ.എ അഡ്വ. എ രാജ ഉദ്ഘാടനം ചെയ്തു.
അടിമാലിയിലെ പൊതുസമൂഹത്തിൽ നിന്ന് നിരവധി ആളുകളാണ് കോൺക്ലവിൽ പങ്കെടുത്തത്. നിരവധി നിർദ്ദേശങ്ങളും അഭിപ്രായങ്ങളുമുയർന്നു. അടിമാലിയുടെ വികസനത്തിന് സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് തീരുമാനിച്ചു. വിവിധ പദ്ധതികൾ എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിന് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകുവാൻ തീരുമാനിച്ചു.
അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സോളി ജീസസ്, കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് നവാസ് മിരാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വർക്കിംഗ് പ്രസിഡന്റ് കെ.ആർ വിനോദ്, യൂണിറ്റ് പ്രസിഡന്റ് പി.എം ബേബി, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.