ന്യുയോർക്ക്: ഒരു പ്രമുഖ ഇന്ത്യൻ ബിസിനസുകാരനെ വിമർശിക്കുന്ന വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഇന്ത്യ ഏകപക്ഷീയമായി തൻറെ ഒ.സി.ഐ കാർഡ് റദ്ദാക്കിയെന്നു ചൂണ്ടിക്കാട്ടി യു.എസ് പത്രപ്രവർത്തകൻ ഇന്ത്യൻ സർക്കാരിനെതിരെ കേസുമായി മുന്നോട്ട്.
യു.എസിലെ റോയിട്ടേഴ്സിന് വേണ്ടി സൈബർ സുരക്ഷ റിപ്പോർട്ട് ചെയ്യുന്ന റാഫേൽ സാറ്ററിന് 2023 ഡിസംബറിലാണ് ഇന്ത്യൻ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും ഇതു സംബന്ധിച്ച ആദ്യ കത്ത് ലഭിച്ചത്.
ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് ദുരുദ്ദേശ്യപരമായ കളങ്കം വരുത്തിയെന്നാരോപിച്ചാണ് ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ(ഒ.സി.ഐ) കാർഡ് റദ്ദാക്കിയതെന്ന് അറിയിച്ചതായി സാറ്റർ ആരോപിക്കുന്നു. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്കും ഇന്ത്യൻ പൗരന്മാരെ വിവാഹം കഴിച്ചവർക്കും ലഭിക്കുന്നതാണ് ഒ.സി.ഐ സ്റ്റാറ്റസ്.
ഇത് ലഭിക്കുന്നതിലൂടെ ഇന്ത്യയിൽ വിസ രഹിത യാത്ര, താമസം, തൊഴിൽ എന്നിവ അനുവദിക്കുന്നു. വിവാഹത്തിലൂടെ സാറ്ററിന് ഒ.സി.ഐ ലഭിച്ചു. അദ്ദേഹത്തിൻറെ ഒ.സി.ഐ പദവി റദ്ദാക്കിയതോടെ ഇനി തൻറെ കുടുംബാംഗങ്ങൾ താമസിക്കുന്ന ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യാനാകില്ല. ശരിയായ അനുമതിയില്ലാതെ പത്രപ്രവർത്തനം നടത്തിയതിനും അന്താരാഷ്ട്ര രംഗത്ത് ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെ പ്രതികൂലവും പക്ഷപാതപരവുമായ അഭിപ്രായം സൃഷ്ടിച്ചതിനും അദ്ദേഹത്തിൻറെ ഒ.സി.ഐ പദവി റദ്ദാക്കിയതായി സാറ്ററിന് അയച്ച കത്തിൽ പറയുന്നു.
സാറ്ററുടെ പത്രപ്രവർത്തനം ഇന്ത്യയ്ക്ക് ദേശീയ സുരക്ഷാഭീഷണിയായി കണക്കാക്കിയതിനെ കുറിച്ച് ഇന്ത്യൻ സർക്കാർ അദ്ദേഹത്തിൻറെ അഭിഭാഷകർക്ക് വ്യക്തമായ യാതൊരു വിവരവും നൽകിയില്ല. സാറ്ററുടെ കേസിൻറെ ആദ്യ കോടതി വാദം ഈ ആഴ്ച ഡൽഹിയിൽ നടന്നു.
ഗാർഡിയന് അയച്ച പ്രസ്താവനയിൽ, തൻറെ ഒസിഐ റദ്ദാക്കാനുള്ള ഇന്ത്യൻ സർക്കാരിൻറെ തീരുമാനം “എൻറെ കുടുംബത്തിലെ അംഗങ്ങളിൽ നിന്നും ഞാൻ വളരെയധികം സ്നേഹവും ബഹുമാനവും പുലർത്തുന്ന ഒരു രാജ്യത്തിൽ നിന്നും എന്നെ ഫലപ്രദമായി വിച്ഛേദിച്ചു’ എന്നെ ഫലപ്രദമായി വിച്ഛേദിച്ചു” എന്ന് സാറ്റർ പറഞ്ഞു. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും തൻറെ അപ്പീലിനു മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് കോടതിയിൽ പോകാൻ തീരൂുമാനിച്ചതെന്നും സാറ്റർ പറയുന്നു.