Timely news thodupuzha

logo

ഇടുക്കി ജില്ലയിലെ ടൗണുകളുടെ വികസനത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുന്നു: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: ജില്ലയിലെ ടൗണുകളുടെ വികസനത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കരിമ്പൻ ചപ്പാത്ത് റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കരിമ്പൻ ടൗണിന്റെ പുരോഗതിക്ക് പ്രാധാന്യം നൽകുന്ന റോഡാണിത്. ജില്ലാ ആസ്ഥാനത്ത് നിരവധി വികസന പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇറിഗേഷൻ മ്യൂസിയം, ഇക്കോ ലോഡ്ജ്, സാംസ്‌കാരിക തീയേറ്റർ തുടങ്ങിയ പദ്ധതികൾ പൂർത്തിയാകുന്നത്തോടെ ചെറുതോണിയും ഇടുക്കിയും ബന്ധിച്ച് ഒരു ടൗൺഷിപ്പായി മാറും.

തടിയമ്പാട് കരിമ്പൻ ടൗണുകളും ടൗൺഷിപ്പായി മാറും. ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക പരിഗണന നൽകിയാണ് മെഡിക്കൽ കോളേജിൽ നേഴ്‌സിങ് കോളേജ് കൂടി ആരംഭിച്ചത്. മെഡിക്കൽ കോളേജിനുള്ളിലെ റോഡ് വികസനത്തിനായി മാത്രം 17 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജിന്റെ പ്രശ്‌നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജില്ലാ ആസ്ഥാനത്തോട് അനുബന്ധിച്ച് എയർ സ്ട്രിപ്പ് ആരംഭിക്കുന്നതിന്റെ പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കരിമ്പൻ ടൗണും തടിയമ്പാട് ടൗണും സൗന്ദര്യവൽക്കരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കരിമ്പൻ ടൗണിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും എല്ലാ രീതിയിലും വികസനം എത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നു ജോർജ് പോൾ പറഞ്ഞു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് 10 ലക്ഷവും മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയും അനുവദിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 480 മീറ്റർ നീളമുള്ള റോഡിന്റെ സംരക്ഷണഭിത്തി നിർമ്മാണവും പദ്ധതിയിൽ ഉൾപ്പെടുന്നു.

ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് മുഖ്യാതിഥിയായി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിജി ചാക്കോ, അംഗങ്ങളായ നിമ്മി ജയൻ, വിൻസന്റ് വി.എം, വാഴത്തോപ്പ് സർവീസ് സഹകരണ ബാങ്ക് അംഗങ്ങളായ ഓമന ശ്രീധരൻ, ജേക്കബ് പിണക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *