Timely news thodupuzha

logo

36 വർഷത്തിനിടെ 2 കൊലകൾ; കൊലപ്പെടുത്തിയത് ആരെയെന്നോ എന്തിനാണെന്നോ കൊലയാളിക്ക് അറിയില്ല

കോഴിക്കോട്: കോഴിക്കോട്ടു നിന്നും ഇപ്പോൾ പുറത്തു വരുന്ന വാർത്ത കുറച്ച് പുലിവാല് പിടിച്ചതാണ്. പെട്ടെന്ന് ഒരാൾ സ്റ്റേഷനിലെത്തി താൻ 36 വർഷങ്ങൾക്ക് മുൻപ് ഒരാളെ തോട്ടിൽ തള്ളിയിട്ട് കൊന്നെന്ന് പറയുന്നു. ആരാണ് മരിച്ചതെന്ന് തനിക്ക് അറിയില്ലെന്നും വെളിപ്പെടുത്തൽ.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് തുടങ്ങിയതിനു പിന്നാലെ കൊലപാതകങ്ങളുടെ എണ്ണം 2 ആയി. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലാണ് കേരള പൊലീസിന് തലവേദനയായിരിക്കുന്നത്. 1986 ലാണ് ആദ്യ സംഭവം. അന്ന് മുഹമ്മദ് അലിയുടെ പേര് ആൻറണി. തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന ആൻറണിക്ക് അന്ന് പ്രായം 15. തന്നെ ലൈംഗികമായി പീഡിക്കാൻ ശ്രമിച്ച യുവാവിനെ തോട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നാണ് വെളിപ്പെടുത്തൽ. പൊലീസ് അന്വേഷിച്ച് എത്തിയപ്പോൾ നാട്ടുകാരും അങ്ങനൊരു കാര്യം ഓർക്കുന്നു.

ആരാണെന്നോ എന്താണെന്നോ അതൊരു കൊലപാതകമാണെന്നോ ഒന്നും ആർക്കും അറിയില്ല. അന്നത്തെ മിസ്സിങ് കേസുകളും മരണങ്ങളും പരിശോധിച്ചതിൽ നിന്നും ആ വർഷം 20 വയസുള്ള ഒരാൾ തോട്ടിൽ വീണ് മരിച്ചിട്ടുണ്ട്. മരണ കാരണം ലെൻസിൽ വെള്ളം കയറിയതും. എന്നാൽ കൊലപാതകമെന്ന് സംശയിക്കും വിധം ആ മരണത്തിൽ പ്രത്യേകിച്ചൊന്നുമില്ലതാനും. രണ്ടാമത്തെ കൊലപാതകം 3 വർഷങ്ങൾക്ക് മുൻപാണ്. കോഴിക്കോട് കടപ്പുറത്ത് വെച്ച് തൻറെ കൈയിൽ നിന്ന് പണം തട്ടിപ്പറിച്ച ഒരാളെ ഒരു സുഹൃത്തിൻറെ സഹായത്തോടെ മണലിൽ ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് മുഹമ്മദിൻറെ വെളിപ്പെടുത്തൽ. കൂടരഞ്ഞി സംഭവത്തിലെ വിവരങ്ങൾ തിരുവമ്പാടി പൊലീസിനും കോഴിക്കോട് കടപ്പുറത്തെ സംഭവം സിറ്റി പൊലീസിനും കൈമാറി.

മുഹമ്മദ് അലിയുടെ വെളിപ്പെടുത്തലിനെ സാധൂകരിക്കും വിധം കൂടരഞ്ഞിയിലും കോഴിക്കോട് കടപ്പുറത്തും അസ്വഭാവിക മരണങ്ങൾ നടന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ആരാണ് കൊല്ലപ്പെട്ടത് എന്നോ ഇയാൾ പറയുന്ന സമയത്ത് തന്നെയാണോ മരണം നടന്നതെന്നോ സ്ഥിരീകരിക്കാൻ പൊലീസിനായിട്ടില്ല. ആരാണ് കൊല്ലപ്പെട്ടത് എന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭ്യമല്ല.

മുഹമ്മദിനും ഇത് സംബന്ധിച്ച് അറിവില്ല. മുഹമ്മദിൻറെ മാനസിക നില സംബന്ധിച്ചും പരിശോധന നടത്താനാണ് പൊലീസ് ആലോചിക്കുന്നത്. കുറ്റബോധമാണ് നിലവിലെ വെളിപ്പെടുത്തലിന് പിന്നിലെ കാരണമെന്നാണ് മുഹമ്മദ് പറയുന്നത്. രണ്ടിടങ്ങളിൽ നിന്നായി വിവാഹം കഴിച്ചു. മതം മാറ്റം നടത്തി, പലയിടങ്ങളിൽ പലവിധ ജോലികൾ ചെയ്യുതു, തുടങ്ങി ആൻറണി എന്ന മുഹമ്മദിൻറെ പശ്ചാത്തലവും ദുരൂഹമാണ്. അതിനാൽ തന്നെ, ഇയാളുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങൾ ശേഖരിക്കാൻ ഉള്ള ശ്രമത്തിലാണ് തിരുവമ്പാടി പൊലീസും കോഴിക്കോട് സിറ്റി പൊലീസും.

Leave a Comment

Your email address will not be published. Required fields are marked *