തൊടുപുഴ: കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം ‘അവിവേകികളുടെ അവിശുദ്ധ അവിശ്വാസം’ ആണെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ദേവസ്യ ദേവസ്യ ആരോപിച്ചു. അവിശുദ്ധ സഖ്യം നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും, കരിമണ്ണൂരിൽ പിടിമുറുക്കിയിരിക്കുന്ന പാറമട ലോബിയാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു.
കോൺഗ്രസ് പാർട്ടിയിലേക്ക് പുനഃപ്രവേശനം സാധ്യമായിരുന്ന ഘട്ടത്തിൽ, കൂറുമാറ്റ കേസ് പിൻവലിക്കപ്പെടുമായിരുന്നിട്ടും, തന്നെ അയോഗ്യനാക്കാൻ കൂട്ടുകൂടിയ അവിശുദ്ധ സഖ്യം തന്നെയാണ് ഇപ്പോഴും കരിമണ്ണൂരിൽ തുടരുന്നതെന്നും ദേവസ്യ ദേവസ്യ പറഞ്ഞു. മുൻപ് പാറമട വിരുദ്ധ സമരത്തിന് വൈസ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ച ലിയോ കുന്നപ്പിള്ളിലും, ദേവസ്യ ദേവസ്യയും നേതൃത്വം നൽകിയിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം ലിയോ കുന്നപ്പിള്ളിലിനും അയോഗ്യത കൽപ്പിക്കപ്പെടുവാനാണ് സാധ്യത.
വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കരിമണ്ണൂർ ടൗൺ വാർഡിൽ ഉൾപ്പെടെ, സ്ഥാനം നഷ്ടപ്പെട്ടവരുടെ നേതൃത്വത്തിൽ ഒരു പൊതുസമ്മത ജനകീയ മുന്നണി സ്ഥാനാർത്ഥികളെ അണിനിരത്തുമെന്നും സൂചനകളുണ്ട്. ഈ സംഭവവികാസങ്ങൾ കരിമണ്ണൂർ പഞ്ചായത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.





