ആന്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു
ആർക്കും എവിടെയും അഭ്യസിക്കാൻ സാധിക്കുന്ന വളരെ ലളിതമായ ഒരു ധ്യാന രീതിയാണിത്. ഈ ധ്യാനത്തിന് ഏതെങ്കിലും മതവുമായോ അല്ലെങ്കിൽ എന്തെങ്കിലും പ്രത്യയശാസ്ത്രവുമായോ ബന്ധമില്ല. ഇതിന് വിശ്വാസസംഹിതകളും, ആചാരാനുഷ്ഠാനങ്ങളുമില്ല.
ആദ്യമായി, ശാന്തമായ ഒരിടം കണ്ടെത്തുക. അതിനുശേഷം സ്ഥിരവും ഉറച്ചതുമായ ഒരു ഇരിപ്പിടത്തിൽ സുഖപ്രദമായി ഇരിക്കുക.
ഇരിക്കുമ്പോൾ നട്ടെല്ല് നേരെയായിരക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ തലയും തോളുകളും കശേരുക്കളുടെ മുകളിൽ സുഖമായി വിശ്രമിക്കട്ടെ.
നിങ്ങളുടെ താടി അല്പം താഴ്ത്തി, നിങ്ങളുടെ നോട്ടം പതുക്കെ താഴേക്ക് വീഴാൻ അനുവദിക്കുക. നിങ്ങളുടെ കൺപോളകൾ താഴ്ത്താം. നിങ്ങൾക്ക് ആവശ്യം തോന്നുന്നുവെങ്കിൽ, കണ്ണുകളെ പൂർണ്ണമായും അടയ്ക്കാം. പക്ഷേ ധ്യാനിക്കുമ്പോൾ കണ്ണുകൾ അടയ്ക്കണമെന്ന് നിർബ്ബന്ധമില്ല. കുറച്ച് നിമിഷങ്ങൾ ഇങ്ങനെ ഇരിക്കുക. സ്വയം ശാന്തമാകാൻ അനുവദിക്കുക. നിങ്ങളുടെ ശ്വസനത്തിലേക്കോ ശരീരത്തിലെ സംവേദനങ്ങളിലേക്കോ നിങ്ങളുടെ ശ്രദ്ധ സാവധാനം കൊണ്ടുവരിക. നിങ്ങളുടെ ശ്വാസനം ആഴത്തിൽ അനുഭവിച്ചറിയുക – അല്ലെങ്കിൽ അത് അകത്തേക്ക് വരുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും അതിനെ പിന്തുടരുക. ശ്വസനത്തിന്റെ ശാരീരിക സംവേദനത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കുക – നിങ്ങളുടെ മൂക്കിലൂടെയോ വായിലൂടെയോ സഞ്ചരിക്കുന്ന വായു, നിങ്ങളുടെ വയറിന്റെ അല്ലെങ്കിൽ നിങ്ങളുടെ നെഞ്ചിന്റെ ഉയരവും താഴ്ചയും – ശ്രദ്ധാവിഷയമാക്കുക. നിങ്ങളുടെ പ്രാഥമികമായ ശ്രദ്ധാകേന്ദ്രം ശ്വാസ- നിശ്വസനങ്ങളായി തിരഞ്ഞെടുക്കാം. സാധിക്കുന്നിടത്തോളം മൂക്കിലൂടെ ശ്വസിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
ധ്യാനസമയത്ത് നിങ്ങളുടെ ശ്രദ്ധ ശ്വസനാവബോധം വിട്ട് മറ്റ് സ്ഥലങ്ങളിലേയ്ക്കോ, ചിന്തകളിലേയ്ക്കോ മാറിപ്പോകാം. വിഷമിക്കേണ്ട. ചിന്തയെ തടയുകയോ ഇല്ലാതാക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. നിങ്ങളുടെ മനസ്സ് അലയുന്നത് ശ്രദ്ധയിൽപ്പെടുമ്പോൾ – നിങ്ങളുടെ ശ്രദ്ധ ശ്വാസത്തിലേക്ക് വീണ്ടും പതുക്കെ തിരികെ കൊണ്ടുവരിക. നിങ്ങളുടെ മനസ്സ് നിരന്തരം അലഞ്ഞുതിരിയുന്നതായി നിങ്ങൾ കണ്ടെത്തിയേക്കാം. ഇതും സാധാരണമാണ്. ആ ചിന്തകളുമായി സംഘട്ടനത്തിൽ ഏർപ്പെടുന്നതിനുപകരം, പ്രതികരിക്കാതെ നിരീക്ഷിക്കുവാൻ മാത്രം പരിശീലിക്കുക. വെറുതെ ഇരുന്നു നിങ്ങളുടെ ശ്വാസോച്ഛ്വാസത്തെയും ശാരീരിക സംവേദനങ്ങളെ ചുറ്റും കേൾക്കുന്ന ശബ്ദങ്ങളെയും ശ്രദ്ധിക്കുക. ഈ നില കുറിച്ച് സമയത്തേയ്ക്ക് തുടർന്നുകൊണ്ടേയിരിക്കുക. ഇതാണ് അവധനപൂർവ്വകമായ ധ്യാനം. സാധിക്കുമെങ്കിൽ രാവിലെയും വൈകിട്ടും ഇരുപത് മിനിറ്റ് ഇതിനായി നീക്കിവയ്ക്കുക. ഇതിന്റെ ഫലങ്ങൾ സാവധാനം നമുക്ക് ലഭിക്കും.
എന്താണ് അവധാനപൂർവ്വ വാർദ്ധക്യം?
അവധാനപൂർവ്വമായ വാർദ്ധക്യം നമുക്കും നമ്മുടെ ചുറ്റുമുള്ളവർക്കും സന്തോഷവും സമധാനവും പ്രദാനം ചെയ്യുന്ന നമ്മുടെ ചിന്തകളും പെരുമാറ്റരീതികളുമാണ്. നമ്മളിൽ ആരും ഒറ്റപ്പെട്ട ദ്വീപുകളല്ല. വാർദ്ധക്യാവസ്ഥയിൽ എത്തുന്നതോടെ പല ആളുകളും പിടിവാശിക്കാരും മറ്റുള്ളവരുമായി ഒത്തുചേർന്നു പോകാൻ ബുദ്ധിമുട്ടുള്ളവരുമാകാറുണ്ട്. ശാരീരിക ബുദ്ധിമുട്ടുകളും മാനസിക വേദനകളും ഏകാന്തതയും മൂലം വൃദ്ധജനങ്ങൾ നിരന്തരം പരാതിപ്പെടുന്നവരും അസന്തുഷ്ടരുമാകും. ഈ സ്വഭാവമുളളവർ സ്വന്തം വീട്ടിലുളളവർക്കും സമൂഹത്തിനും അവർ അറിഞ്ഞോ അറിയാതെയോ ബാധ്യതയായി മാറും. അവധാനപൂർവ്വ ജീവിതം പരിശീലിച്ചവർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ ഒട്ടേറെ ഏറെ വിട്ടുവീഴ്ചകൾക്ക് തയ്യാറാകും. ഇതിനാൽ, ആയാസകരമായ വാർദ്ധക്യ ജീവതത്തിന് അവധാനപൂർവ്വ ജീവിതം അനുപേക്ഷണീയമാണ്. എന്നാൽ, പ്രായമാകുമ്പോൾ നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഇത് ഒരു പരിഹാരമാണെന്ന് ആരും കരുതരുത്. പ്രായത്തിനനുസരിച്ച് പലരും അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ഉദാഹരണമായി, ആരോഗ്യം – ശാരീരികവും മാനസികവും – പ്രായവുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്നമാണ്. എന്നാൽ വിഷാദം, ഏകാന്തത, ഒറ്റപ്പെടൽ തുടങ്ങിയ മാനസ്സിക പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധാപൂർവമായ ജീവിതം വളരെ സഹായകമാണ്. ശ്രദ്ധാപൂർവമായ ജീവിതത്തിന് ഇവിടെ ഒരു ഭാവാത്മകമായ വശമുണ്ട്. പക്ഷേ ഇതൊരു ഒറ്റമൂലിയല്ല.
അവധാനപൂർവ്വ ജീവിതരീതികൊണ്ടളള പ്രയോജനങ്ങൾ
അവധാനപൂർവ്വ ജീവിതശൈലി പിന്തുടരുന്നവർക്ക് വാർദ്ധക്യം ആനന്ദകരമായി ചെലവഴിക്കാൻ തീർച്ചയായും സാധിക്കും. നിഷേധാത്മകമായ മനോവികാരങ്ങളെയും സംസാരങ്ങളെയും ഒഴിവാക്കാനും ജീവിതത്തിൻ്റെ ഭാവാത്മകമായ വശം എപ്പോഴും ദർശിക്കുവാനും ഇത് നമ്മെ സഹായിക്കും. പരാതിയുടെയും കുറ്റപ്പെടുത്തലുകളുടെയും ശൈലി നമ്മുടെ ജീവിതത്തിൽ നിന്നു നീക്കം ചെയ്യാൻ കഴിയും ‘എനിക്ക് വയസ്സായി’ അല്ലെങ്കിൽ ‘എനിക്കു വയ്യ’ എന്നിങ്ങനെയുള്ള ചിന്തകളും മനോഭാവങ്ങളും ഒഴിവാക്കി ജീവിതത്തെ സധൈര്യം നേരിടാൻ ഈ ജീവിതരീതി നമ്മെ പ്രാപ്തരാക്കും. ഭയത്തോടെയുളള വാർദ്ധക്യം തടയാനും ജീവിതത്തിൽ സജീവമായി മുന്നേറുവാനും കഴിയെണമെങ്കിൽ നമുക്കു ശാന്തമായ ഒരു മനസ്സ് ഉണ്ടായിരിക്കണം. ശ്രദ്ധാപൂർവമായ ജീവിതസമീപനത്തിലൂടെ വാർദ്ധക്യത്തിൽ എണ്ണമറ്റ നേട്ടങ്ങൾ കൈവരിക്കാനും ജീവിതത്തിന്റെ അർത്ഥവും മൂല്യം തിരിച്ചറിയാനും ജീവിതസാഫല്യം നേടാനും ഇതുവഴി നമുക്ക് കഴിയും. വാർദ്ധക്യത്തോടുള്ള നമ്മുടെ പരമ്പരാഗതമായ നിഷേധാത്മക സമീപനവും ഭയവും മാറ്റുന്നതിനും സന്തോഷത്തോടെയും സമാധാനത്തോടെയും കൂടുതൽ വർഷങ്ങൾ ജീവിക്കുവാൻ ഇതു നമ്മെ സഹായിക്കും.
വിട്ടുകൊടുക്കാൻ പഠിക്കും
അനുദിന സംഭവങ്ങളെ അതീവ ഗൗരവത്തോടെ കാണാതിരിക്കാൻ നാം പ്രത്യേകിച്ച് വാർദ്ധക്യത്തിൽ പഠിക്കണം. പഴയ പകയോ, സുഖകരമല്ലാതിരുന്ന ബന്ധങ്ങളോ, നമ്മുടെ ജീവിതത്തിലെ തിക്താനുഭവങ്ങളെക്കുറിച്ചുള്ള ചിന്തകളോ ഒഴിവാക്കപ്പെടേണ്ടവയല്ലേ? നമുക്ക് മാറ്റാൻ കഴിയാത്ത കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് എത്രത്തോളം സമയം നമ്മുടെ ജീവിതത്തിൽ നാം പാഴാക്കുന്നു? അതുല്ലെങ്കിൽ സ്വയം നീറിപുകയുകയോ, വിഷമിക്കുകയോ, പശ്ചാത്തപിക്കുകയോ ചെയ്യുക എന്നത് ദീർഘകാലമായുള്ള നമ്മുടെ വ്യവസ്ഥാപിത മനസ്സിന്റെ പ്രവർത്തനമാണ്. ഈ സ്വഭാവം മാറണമെങ്കിൽ സാരമില്ലെന്നു കരുതാൻ, ചിലപ്പോഴൊക്കെ വിട്ടുകൊടുക്കാൻ നാം പഠിക്കണം. ഇതിന് മനഃസാന്നിധ്യം ആവശ്യമാണ്. വിട്ടുകൊടുക്കാനുളള മനോഭാവം വർത്തമാന നിമിഷത്തിലെ നമ്മുടെ അവബോധത്തിൻ്റെ, മുഴുവൻ സത്തയുടെയും – ശരീരത്തിന്റെയും മനസ്സിന്റെയും – പരിശീലനമാണ്.
നമ്മടെ ശ്രദ്ധാകേന്ദ്രം മാറ്റുവാൻ സഹായിക്കും
മറ്റുള്ളവരുടെ അംഗീകാരത്തിന് പകരം നമ്മുടെ സ്വന്തം സന്തോഷത്തിനായി ഉള്ളിലേക്ക് നോക്കുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും നമുക്കു ശക്തി ആവശ്യമാണ്. അതിനുള്ള ശക്തിമാർഗ്ഗം ധ്യാനവും യോഗയും പോലുള്ള പരിശീലനങ്ങളാണ്. ഇതുരണ്ടും ശരീരത്തിന് വഴക്കവും രക്തചംക്രമണവും മാനസിക വ്യക്തതയും മെച്ചപ്പെടുത്താനും സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും.
ദർശന രൂപീകരണം
നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് നമ്മൾ ആഗ്രഹിക്കുന്നുവെന്ന് നമുക്കു തന്നെ വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. ആ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കാനുള്ള നടപടികൾക്കുളള വഴി ആത്മനിഷ്ഠത ധ്യാനമാണ്. ഒരു സുഹൃത്തോ, പ്രിയപ്പെട്ടവരോ നമുക്കു നൽകുന്നതിനേക്കാൾ ശക്തവും വ്യക്തവുമായ ഒരു ദർശനം നമ്മിൽ നിന്നും ഉടലെടുക്കുന്നതല്ലേ നല്ലത്? ഈ ധ്യാനം നമ്മുടെ കാഴ്ചപ്പാടിൽ, നിലപാടുകളിൽ ഉറച്ചു നില്ക്കാൻ പരമാവധി നമ്മെ സഹായിക്കും.
തുടരും…..






