തൊടുപുഴ: നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ, എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി, എ.എ.പി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രിക സമർപ്പിച്ചു.
ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുവാനായി തൊടുപുഴ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയിരിക്കുന്നത് അപു ജേൺ ജോസഫാണ്. പ്രവർത്തകർക്കൊപ്പം എത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. ടീം യു.ഡി.എഫാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും 140 മണ്ഡലങ്ങളിലും മികച്ച വിജയം നേടുമെന്നും അപു ജോൺ ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അപുവിന് പി.ജെ ജോസഫ് എം.എൽ.എ ആശംസകൾ നേർന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി തൊടുപുഴയിൽ മത്സരിക്കുന്ന സിറിയക് ചാഴികാടനും നാമനിർദേശ പത്രിക സമർപ്പിച്ചു. നേതാക്കളായ കെ.ഐ ആൻ്റണി, കെ.പി മേരി, ജിമ്മി മറ്റത്തിപാറ, മുഹമ്മദ് ഫൈസൽ, പി.പി ജോയ്, തോമസ് ചാഴികാടൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
101 ശതമാനം വിജയ പ്രതീക്ഷയോടെയാണ് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. റോയ് വാരികാട്ട് കളത്തിലിറങ്ങിയിരിക്കുന്നത്. വിവിധ നേതാക്കൾക്കൊപ്പമെത്തി അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു.
തൊടുപുഴ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എസ്.യു.സി.ഐ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി പി.റ്റി വർഗ്ഗീസ്സ് നാമനിർദേശ പത്രിക സമർപ്പിച്ചു. തൊടുപുഴ താലൂക്ക് റിട്ടേണിങ്ങ് ഓഫീസർ മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. മറ്റ് നിരവധി നേതാക്കളും അദ്ദേഹത്തിൻ്റെ ഒപ്പമുണ്ടായിരുന്നു.
എ.എ.പി സ്ഥാനാർത്ഥി അഡ്വ. ബേസിൽ ജോണും നാമ നിർദേശ പത്രിക സമർപ്പിച്ചു.






