Timely news thodupuzha

യൂണിഫോം, ബാഗ്, നോട്ട് ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് നിയമവിരുദ്ധമായ കച്ചവടമാണെന്ന ഗുരുതര ആരോപണവുമായി കേരള ടെക്സ്റ്റൈൽ ആൻ്റ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ

തൊടുപുഴ: ഓൺലൈൻ വിപണിയുടെയും കോർപ്പറേറ്റുകളുടെയും കടന്നുകയറ്റത്തിന് പിന്നാലെ, സ്കൂളുകളുടെ നേതൃത്വത്തിൽ യൂണിഫോം, ബാഗ്, നോട്ട് ബുക്ക് എന്നിവ കച്ചവടം ചെയ്ത് വിപണി കൈയടക്കുന്നത് ചെറുകിട വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിയിടുമെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. യൂണിഫോമും ബാഗും വിദ്യാലയങ്ങളിൽ നിന്ന് തന്നെ വാങ്ങണമെന്ന്
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ അധികൃതർ രക്ഷിതാക്കളെ നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പുറത്ത് 150 രൂപയ്ക്ക് ലഭിക്കുന്ന തുണിക്ക് 400 രൂപ വരെ ഈടാക്കി സ്കൂൾ അധികൃതർ രക്ഷിതാക്കളെ കൊള്ളയടിക്കുകയാണെന്നും കെ.ടി.ജി.എ ആരോപിക്കുന്നു.

തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഒട്ടുമിക്ക സ്കൂളുകളും ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാതെയാണ് കച്ചവടം നടത്തുന്നതെന്നാണ് മറ്റൊരു പ്രധാന ആരോപണം. ബില്ല് നൽകാതെ നടത്തുന്ന ഈ കച്ചവടത്തിലൂടെ സർക്കാരിന് വൻ തുക നികുതിയായി നഷ്ടപ്പെടുന്നു. സാധാരണ വ്യാപാരികളെ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി പീഡിപ്പിക്കുമ്പോൾ, സ്കൂളുകളിലെ ഇത്തരം കള്ളക്കച്ചവടങ്ങൾക്ക് അധികൃതർ ഒത്താശ ചെയ്യുകയാണെന്നും സംഘടന കുറ്റപ്പെടുത്തുന്നു. സ്കൂളുകളുടെ ഇത്തരം നിയമവിരുദ്ധ കച്ചവടങ്ങൾ നിരോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. മേഖല പ്രസിഡന്റ് അനസ് പി അസീസ്, ജനറൽ സെക്രട്ടറി നസീർ ബി എം, ട്രഷറർ സജി സിറിയക്, ജില്ലാ വൈസ് പ്രസിഡന്റ് സിയാദ് പി എം, മേഖല വൈസ് പ്രസിഡന്റ് ഫ്രാൻസിസ് രാഗം, വനിതാ വിംഗ് വൈസ് പ്രസിഡന്റ് ഐഷ അൻവർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *