ഇടുക്കി: ശാന്തൻപാറ ആനയിറങ്കലിൽ കാട്ടാന ഭീതി ഒടുങ്ങുന്നില്ല. പ്രദേശത്ത് വീണ്ടും വന്യജീവി ആക്രമണം. പ്രശസ്ത കാട്ടാനയായ ‘ചക്കക്കൊമ്പൻ’ ആനയിറങ്കലിലെ റേഷൻ കട തകർത്തു. ഇന്ന് (ജൂലൈ 24) പുലർച്ചെ 5.30-ഓടെയാണ് സംഭവം. കടയുടെ വാതിലും ഭിത്തിയും തകർത്ത ആന അകത്തുണ്ടായിരുന്ന അരിയും ആട്ടയും ഭക്ഷിച്ച ശേഷമാണ് പിൻവാങ്ങിയത്.തുടർച്ചയായി പന്ത്രണ്ടാം തവണയാണ് ഈ റേഷൻ കടയ്ക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. കട തകർക്കുന്ന വിവരമറിഞ്ഞ് പ്രദേശവാസികൾ ഒന്നടങ്കം തടിച്ചുകൂടി ബഹളം വെച്ചതോടെയാണ് കാട്ടാന കാടുകയറിയത്.

ഇന്നലെ രാത്രി 9.30-ഓടെ തന്നെ പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യമുണ്ടായിരുന്നു. അന്ന് നാട്ടുകാർ ചേർന്ന് ആനയെ തുരത്തിയെങ്കിലും, പുലർച്ചെയോടെ വീണ്ടുമെത്തി ആക്രമണം നടത്തുകയായിരുന്നു. റേഷൻ കട കൂടാതെ തൊഴിലാളി ലയത്തിനുള്ളിൽ പ്രവർത്തിക്കുന്ന മറ്റൊരു കടയ്ക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. നിരന്തരം കാട്ടാന ശല്യമുണ്ടാകുന്ന ആനയിറങ്കലിൽ വനംവകുപ്പിന്റെയോ റാപ്പിഡ് റെസ്പോൺസ് ടീമിന്റെയോ കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
റേഷൻ കട 12 തവണ തകർക്കപ്പെട്ടിട്ടും ശാശ്വതമായ ഒരു സുരക്ഷാ സംവിധാനമൊരുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. വലിയൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.






