Timely news thodupuzha

പെരുമൈ – ഇടമലക്കുടിയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ഇടുക്കി: ഇടമലക്കുടി പഞ്ചായത്ത് നിവാസികള്‍ക്ക് ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു. 116 പേര്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത്.

കുടികളില്‍ താമസിക്കുന്ന നിരവധി പേര്‍ക്ക് നിയമപരമായ തിരിച്ചറിയല്‍ രേഖകള്‍ ലഭ്യമാകാതെ വരികയും സാമൂഹ്യ സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ മുതലായ പദ്ധതികള്‍ ലഭ്യമാക്കുന്നതില്‍ തടസമുണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നേരത്തേ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഇടമലക്കുടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പെരുമൈ-എന്ന പേരില്‍ സിവില്‍ രജിസ്‌ട്രേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് ഓരോ കുടിയിലുമെത്തി വിവരങ്ങള്‍ ശേഖരിച്ചത്. രേഖകളില്ലാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് അപേക്ഷ തയാറാക്കി പഞ്ചായത്തില്‍ നല്‍കി. തുടര്‍ന്ന് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ വെരിഫിക്കേഷന്‍ നടത്തിയ ശേഷമാണ് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചത്. കുടികളില്‍ ജനിച്ച കുട്ടികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കുമാണ് മുന്‍ഗണന നല്‍കിയത്.

ഇടമലക്കുടിയിലെ റോഡിന്റെയും നന്താര്‍ പാലം, നാവന്‍ പാലം എന്നിവയുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, ഇടമലക്കുടി പഞ്ചായത്ത് പ്രസിഡന്റ് ബിനു എം., വൈസ് പ്രസിഡന്റ് സുസാധ, ജോയിന്റ് ഡയറക്ടര്‍ എല്‍എസ്ജിഡി ആര്‍. ഷൈനി, മൂന്നാര്‍ ഡിഎഫ്ഒ സജു വര്‍ഗീസ്, അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ വിധുമോള്‍ എസ്., വില്ലേജ് ഓഫീസര്‍ ശ്യാംജി നാഥ്, പഞ്ചായത്ത് സെക്രട്ടറി സജി പീറ്റര്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *